
ന്യൂഡൽഹി: വായു മലിനീകരണം രൂക്ഷമാകുമെന്ന് കണ്ട് ഡൽഹിയിൽ പടക്കങ്ങൾക്ക് 2025 ജനുവരി ഒന്നു വരെ വിലക്ക്. നിർമ്മാണം, വിൽപന, സംഭരണം, പൊട്ടിക്കൽ ഒന്നും പാടില്ല. ഓൺലൈൻ വിൽപനയും നിരോധിച്ചു. ഡൽഹി മലിനീകരണ നിയന്ത്രണ സമിതി പുറത്തിറക്കിയ ഉത്തരവ് പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പുറത്തുവിട്ടു. ഇതോടെ, ഇത്തവണ ദീപാവലിക്ക് പടക്കം പൊട്ടിക്കാനാവില്ല.
നവരാത്രി ആഘോഷങ്ങൾക്ക് പിന്നാലെ രാജ്യതലസ്ഥാനത്തെ വായു നിലവാര സൂചിക മോശം വിഭാഗത്തിലേക്ക് കടന്നിരുന്നു. ശൈത്യകാലമാകുന്നതോടെ മലിനീകരണം ഇനിയും വർദ്ധിക്കും.
ഉത്തരവിന് പിന്നാലെ ഡൽഹി ക്രൈംബ്രാഞ്ച് ബപ്റോലയിൽ രണ്ടു ഗോഡൗണുകളിൽ നിന്നായി 1323 കിലോ നിരോധിത പടക്കശേഖരം പിടിച്ചെടുത്തു. ഉടമകൾ ഉൾപ്പെടെ മൂന്നു പേർ അറസ്റ്രിലായി.