
ന്യൂഡൽഹി: മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്നു പ്രഖ്യാപിച്ചേക്കും. വയനാട് ലോക്‌സഭ സീറ്റിലേക്കും ചേലക്കര, പാലക്കാട് അസംബ്ളി മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. മഹാരാഷ്ട്രയിൽ നവംബർ 15ന് വോട്ടെടുപ്പുണ്ടാകുമെന്നാണ് സൂചന. 45ലധികം അസംബ്ളി സീറ്റുകളിലും വയനാടിനു പുറമേ പശ്‌ചിമബംഗാളിലെ ബസിർഹട്ട് ലോക്‌സഭാ സീറ്റിലുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടത്. ദീപാവലി, ഛത്ത്പൂജ ഉത്സവങ്ങൾ കണക്കിലെടുത്താകും തീയതികൾ പ്രഖ്യാപിക്കുക. മഹാരാഷ്ട്രയിൽ ജോലിചെയ്യുന്ന ബീഹാറി വോട്ടർമാർ അടക്കം അവധി കഴിഞ്ഞ് തിരിച്ചെത്തുന്നത് നവംബർ രണ്ടാം വാരമാണ്.
288 അംഗ മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി നവംബർ 26ന് അവസാനിക്കും. അതിനു മുൻപ് തിരഞ്ഞെടുപ്പ് പൂർത്തിയാക്കേണ്ടതുണ്ട്. 81 അംഗ ജാർഖണ്ഡ് സഭയുടെ കാലാവധി 2025 ജനുവരി 5ന് അവസാനിക്കും. 2019ൽ ജാർഖണ്ഡിൽ അഞ്ച് ഘട്ടങ്ങളായും മഹാരാഷ്ട്രയിൽ ഒറ്റ ഘട്ടമായുമാണ് തിരഞ്ഞെടുപ്പ് നടന്നത്.