a

ന്യൂഡൽഹി: മുംബയിൽ നിന്ന് 239 യാത്രക്കാരുമായി ന്യൂയോർക്കിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് ഇന്നലെ പുലർച്ചെ ഡൽഹിയിൽ അടിയന്തരമായി നിലത്തിറക്കി. യാത്രക്കാരെ പുറത്തിറക്കി നടത്തിയ പരിശോധനയിൽ വ്യാജ ഭീഷണിയെന്ന് തെളിഞ്ഞു. വിമാനം ന്യൂയോർക്കിലേക്ക് യാത്ര തുടർന്നു.

വിമാനത്തിൽ ബോംബു വച്ചെന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് ഭീഷണി ലഭിച്ചത്. തുടർന്ന് കേന്ദ്ര സുരക്ഷാ നിയന്ത്രണ സമിതിയുടെ നിർദ്ദേശപ്രകാരം ഡൽഹിയിലേക്ക് തിരിച്ചുവിട്ടു. ഡൽഹിയൽ ലാൻഡു ചെയ്‌ത വിമാനത്തിലെ യാത്രക്കാരെയും 19 ജീവനക്കാരെയും പുറത്തിറക്കി പരിശോധിച്ചു. ഇവരെ പിന്നീട് ഡൽഹിയിൽ ഹോട്ടലിലേക്ക് മാറ്റി.സ്ഥിതിഗതികൾ വിലയിരുത്താൻ സിവിൽ ഏവിയേഷൻ സഹമന്ത്രി മുരളീധർ മോഹൽ ഡൽഹി വിമാനത്താവളം സന്ദർശിച്ചു.

മുംബയിൽ നിന്ന് മസ്‌കറ്റിലേക്കും കുവൈറ്റിലേക്കും പുറപ്പെടാനിരുന്ന ഇൻഡിഗോ വിമാനങ്ങൾക്കും വ്യാജ ബോംബു ഭീഷണി വന്നിരുന്നു. വിമാനങ്ങൾ ഐസൊലേഷൻ ബേകളിലേക്ക് മാറ്റി സുരക്ഷാ പരിശോധന നടത്തി. അതിനിടെ,​ സാങ്കേതിക തകരാർ മൂലം കൊൽക്കത്തയിലേക്കുള്ള എയർ ഇന്ത്യ വിമാനം ഇന്നലെ ഡൽഹിയിൽ തിരിച്ചിറക്കി.

ട്രെയിനിനും ഭീഷണി

മുംബയിൽ ട്രെയിനിന് നേരെയും ബോംബ് ഭീഷണിയുണ്ടായി. മുംബയിൽ നിന്ന് ഹൗറയിലേക്കുള്ള ട്രെയിൻ വിശദ പരിശോധനയ്ക്ക് ശേഷം യാത്ര തുടർന്നു. ഇന്നലെ പുലർച്ചെ നാലുമണിയോടെ മുംബയ് പൊലീസ് കൺട്രോൾ റൂമിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. ടൈമർ ബോംബ് ഉപയോഗിച്ച് ട്രെയിൻ സ്ഫോടനം നടത്തുമെന്നായിരുന്നു ഭീഷണി. തുടർന്ന് ട്രെയിൻ ജൽഗാവ് സ്റ്റേഷനിൽ നിറുത്തി പരിശോധിച്ചു.