ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് കാനഡ

ആരോപിച്ച ഹൈക്കമ്മിഷണർ സഞ്ജയ് വർമ്മ ഉൾപ്പെടെ ആറു നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ചുവിളിച്ചു. കാനഡ ഇത് ആവശ്യപ്പെട്ടി​രുന്നു.പിന്നാലെ,ഡൽഹിയിലെ കനേഡിയൻ എംബസിയിലെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കുകയും ചെയ്തു.അതേസമയം,

ഇന്ത്യൻ നയതന്ത്രജ്ഞരും കോൺസുലർ ഉദ്യോഗസ്ഥരും സൗകര്യങ്ങൾ ദുരുപയോഗം ചെയ്‌ത് രഹസ്യ പ്രവർത്തനങ്ങൾ നടത്തുകയാണെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് കമ്മിഷണർ മൈക്ക് ഡ്യൂഹെം വാർത്താ സമ്മേളനം നടത്തി ആരോപിച്ചു. ഇന്ത്യാ ഗവണമെന്റ് നടത്തുന്ന ഇടപെടലുകൾ കാനഡയിലെ പൊതു സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്നതായും പൊലീസ് കമ്മിഷണർ ചൂണ്ടിക്കാട്ടി.

ആക്ടിംഗ് ഹൈക്കമ്മിഷണർ സ്റ്റുവർട്ട് റോസ് വീലർ, ഡെപ്യൂട്ടി ഹൈക്കമ്മിഷണർ പാട്രിക് ഹെബർട്ട് എന്നിവരെ അടക്കമാണ് ഇന്ത്യ പുറത്താക്കിയത്.

ഫസ്റ്റ് സെക്രട്ടറിമാരായ മേരി കാതറിൻ ജോളി, ലാൻ റോസ് ഡേവിഡ് ട്രൈറ്റ്സ്, ആദം ജെയിംസ് ചുപ്ക, പോള ഓർജുവേല എന്നിവരാണ് പുറത്തായ മറ്റുദ്യോഗസ്ഥർ.

നിജ്ജർ കൊലപാതകവുമായി ബന്ധപ്പെടുത്തി

ഹൈക്കമ്മിഷണറുടെ അടക്കം പേരുകൾ പരാമർശിച്ചുകൊണ്ട് കാനഡയിൽ നിന്ന് കഴിഞ്ഞ ദിവസം ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്

കത്തു ലഭിച്ചതോടെയാണ് ബന്ധം വഷളായത്.

ഇന്ത്യയിലെ കനേഡിയൻ ആക്ടിംഗ് ഹൈക്കമ്മിഷണർ സ്റ്റുവർട്ട് വീലറെ വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.

വിശ്വസനീയവും നിഷേധിക്കാനാവാത്തതുമായ തെളിവുകൾ ഇന്ത്യയ്ക്ക് നൽകിയെന്നാണ് സ്റ്റുവർട്ട് വീലർ പ്രതികരിച്ചത്.

ഭീകരതയുടെയും അക്രമത്തിന്റെയും അന്തരീക്ഷത്തിൽ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് സുരക്ഷയൊരുക്കാൻ ട്രൂഡോ സർക്കാരിന് കഴിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അതിനാൽ, ഹൈക്കമ്മിഷണറെ പിൻവലിക്കാൻ തീരുമാനിച്ചതായി ഇന്ത്യ പ്രഖ്യാപിച്ചു.

` ഹൈക്കമ്മിഷണർ വർമ്മ 36 വർഷത്തെ അനുഭവമുള്ള മുതിർന്ന നയതന്ത്രജ്ഞനാണ്. അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ അപമാനകരം. അപകീർത്തികരമായ ആരോപണങ്ങളെ ശക്തമായി തള്ളുന്നു. ട്രൂഡോ സർക്കാരിന്റെ വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണിത്.

ഒരു തെളിവും നൽകാൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്‌ക്ക് കഴിഞ്ഞിട്ടില്ല.'

-വിദേശകാര്യ മന്ത്രാലയം

ഇരു രാജ്യങ്ങളിലും

ഹൈക്കമ്മിഷണറില്ല

നിജ്ജാർ വധത്തിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്ന് 2023 ഒക്ടോബറിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിക്കുകയും പിന്നാലെ ഒരു മുതിർന്ന ഇന്ത്യൻ നയതന്ത്രജ്ഞനെ കാനഡ പുറത്താക്കുകയും ചെയ്തു. ഡൽഹിയിലെ കനേഡിയൻ ഹൈക്കമ്മിഷണർ കാമറൂൺ മക്കേയെ പുറത്താക്കി ഇന്ത്യ തിരിച്ചടിച്ചു. 41 പേരെ തിരിച്ചുവിളിക്കണമെന്നും ആവശ്യപ്പെട്ടു. മക്കേയ്‌ക്കു ശേഷം ഹൈക്കമ്മിഷണർ വന്നിട്ടില്ല.