എം.പി. പ്രദീപ്കുമാർ
ന്യൂഡൽഹി: കുട്ടികളുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്ന ബാലവിവാഹ നിശ്ചയം നിരോധിക്കണമെന്ന് സുപ്രീംകോടതി. ഇതിനായി 2006ലെ ശൈശവ വിവാഹ നിരോധന നിയമ ഭേദഗതി പാർലമെന്റിൽ കൊണ്ടുവരണം. ഇതുസംബന്ധിച്ച മാർഗരേഖയും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി.പർദിവാല, മനോജ് മിശ്ര എന്നിവരുടെ ബെഞ്ച് പുറത്തിറക്കി.
സൊസൈറ്റി ഫോർ എൻലൈറ്റെൻമെന്റ് ആൻഡ് വോളന്ററി ആക്ഷൻ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് വിധി. നിലവിലുള്ള നിയമത്തിൽ ബാലവിവാഹ നിശ്ചയം തടഞ്ഞിട്ടില്ല. അതിനാൽ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ബാലവിവാഹ നിശ്ചയം കുട്ടിക്കാലം ആസ്വദിക്കാനുള്ള അവകാശം ഇല്ലാതാക്കും. വ്യക്തി സ്വാതന്ത്ര്യവും, ജീവിക്കാനുള്ള മൗലികാവകാശവും നിഷേധിക്കും. മാനസികമായും ശാരീരികമായും ബാധിക്കും. പങ്കാളിയെ കണ്ടെത്താനുള്ള അവകാശം പ്രായപൂർത്തിയാകും മുൻപേ തട്ടിത്തെറിപ്പിക്കുന്നതിന് ഇടയാക്കും. കുട്ടികളുടെ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ അവകാശങ്ങളും ലംഘിക്കപ്പെടും. പെൺകുട്ടികൾ സമൂഹത്തിൽ ഒറ്രപ്പെടും. ആൺകുട്ടികൾ കുടുംബഭാരം നേരത്തേ ഏറ്റെടുക്കാൻ നിർബന്ധിതരാവുമെന്നും കോടതി വിലയിരുത്തി.
ബാലവിവാഹത്തിന്
വിധേയരായത്
23.3%
പെൺകുട്ടികൾ
17.7%
ആൺകുട്ടികൾ
(2019-21ലെ ദേശീയ കുടുംബാരോഗ്യ സർവേ വിവരം)
ബോധവത്കരണം വേണം
സമൂഹത്തെ ബോധവത്കരിച്ചു വേണം മാറ്റങ്ങൾ കൊണ്ടുവരാൻ. ദാരിദ്ര്യം, അസമത്വം,വിദ്യാഭ്യാസമില്ലായ്മ, ആചാരങ്ങൾ തുടങ്ങിയവ കാരണമാകുന്നുണ്ട്
.പ്രോസിക്യൂഷനേക്കാൾ പ്രധാനം ബാലവിവാഹ നിശ്ചയം തടയുന്നതാണ്. ജില്ലാതല പ്രിവൻഷൻ ഓഫീസർമാരെ നിയോഗിക്കണം
കേന്ദ്രവും സംസ്ഥാനങ്ങളും മൂന്നു മാസത്തിലൊരിക്കൽ വിലയിരുത്തണം. പ്രത്യേക പൊലീസ് യൂണിറ്റ് രൂപീകരിക്കണം