
ന്യൂഡൽഹി : മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയിക്കെതിരെ സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ട ഹർജിക്കാരന് രൂക്ഷവിമർശനം. ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച സുപ്രീംകോടതി, പരാതിക്കാരനായ പുണെ സ്വദേശി അരുൺ രാമചന്ദ്ര ഹുബ്ലികർ വഴക്കിട്ടതോടെ സുരക്ഷാ ഉദ്യോഗസ്ഥരെ ഉപയോഗിച്ചു പുറത്താക്കി. ഒന്നിന് പിറകെ ഒന്നായി അപേക്ഷകളുമായി വരികയാണെന്നും, ഇതിന് അവസാനമുണ്ടാക്കാൻ പോകുകയാണെന്നും ഹർജി തള്ളിക്കൊണ്ട് ജസ്റ്രിസുമാരായ ബേല എം.ത്രിവേദിയും സതീഷ് ചന്ദ്ര ശർമ്മയും അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
രഞ്ജൻ ഗൊഗൊയി സുപ്രീംകോടതി ജഡ്‌ജിയായിരിക്കെ തള്ളിയ സർവീസ് കേസുമായി ബന്ധപ്പെട്ടാണ് ഹർജിക്കാരൻ അന്വേഷണം ആവശ്യപ്പെട്ടത്. നിയമവിരുദ്ധമായി തന്നെ പിരിച്ചുവിട്ട നടപടിക്കെതിരെ സമർപ്പിച്ച ഹർജിയിൽ ഗൊഗൊയ് അനാവശ്യമായി ഇടപെട്ടെന്നും ജീവിതം നശിപ്പിച്ചെന്നുമാണ് ആരോപണം. ജഡ്‌ജിയുടെ പേര് വലിച്ചിഴയ്‌ക്കരുതെന്നും പിഴ ഈടാക്കുമെന്നും ഇതോടെ കോടതി മുന്നറിയിപ്പ് നൽകി. മരിക്കും മുൻപ് ന്യായം ലഭിക്കണം തുടങ്ങി വാദമുഖങ്ങൾ കടുപ്പിച്ച് ബഹളം വച്ചതോടെ സുരക്ഷാ ഉദ്യോഗസ്ഥരെ കോടതിക്കുള്ളിൽ വിളിച്ചുവരുത്തി ഹർജിക്കാരനെ പുറത്താക്കാനും നിർദ്ദേശിക്കുകയായിരുന്നു. കഴിഞ്ഞ സെപ്‌തംബർ 30ന് ഇതേ വിഷയം ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ബെഞ്ച് പരിഗണിച്ചപ്പോഴും ഹർജിക്കാരനെ വിമർശിച്ചിരുന്നു. കോടതിയുടെ ചോദ്യങ്ങൾക്ക് ഒഴുക്കൻ മട്ടിൽ 'യാ, യാ' എന്നു മറുപടി നൽകിയത് ചീഫ് ജസ്റ്റിസിനെ ചൊടിപ്പിച്ചിരുന്നു.