
ന്യൂഡൽഹി: വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്ന ഹർജികളിൽ ഇന്നുമുതൽ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് വാദം കേൾക്കും. ഇന്നലെ ലിസ്റ്റ് ചെയ്‌തിരുന്നെങ്കിലും സമയക്കുറവ് കാരണം പരിഗണിച്ചില്ല. എന്നാൽ ഇന്ന് ആദ്യകേസായി പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അഭിഭാഷകരെ അറിയിച്ചു. മറ്റൊരു ദിവസം പരിഗണിക്കണമെന്ന് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ തുഷാർ മേത്ത ആവശ്യപ്പെട്ടെങ്കിലും കോടതി വഴങ്ങിയില്ല.
ഹർജികളെ എതിർത്ത് കേന്ദ്രസർക്കാർ നേരത്തെ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. സമൂഹത്തെ നേരിട്ട് ബാധിക്കുന്ന വിഷയമാണ്. വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെങ്കിലും അതു ചെയ്യേണ്ടത് സുപ്രീംകോടതി അല്ല. വിവാഹം കഴിഞ്ഞാലും സ്ത്രീയുടെ അനുമതി ആവശ്യമാണ്. അത് ലംഘിക്കപ്പെട്ടാൽ അതിനായി പ്രത്യേക നിയമവ്യവസ്ഥയാണ് വേണ്ടത്. നിലവിലെ ബലാത്സംഗക്കുറ്റവുമായി ചേർത്തുവയ്‌ക്കാൻ കഴിയില്ലെന്നും കേന്ദ്രസർക്കാരിന്റെ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.