
ന്യൂഡൽഹി : വാർത്താ ഏജൻസി എ.എൻ.ഐ നൽകിയ മാനനഷ്ടക്കേസിൽ എതിർകക്ഷിയായ വിക്കിപീഡിയ തയ്യാറാക്കിയ പേജ് 36 മണിക്കൂറിനകം നീക്കണമെന്ന് ഡൽഹി ഹൈക്കോടതി.
രാജ്യത്ത് വിക്കിപീഡിയയെ ബ്ലോക്ക് ചെയ്യാൻ കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകേണ്ടി വരുമെന്ന്, മാനനഷ്ടക്കേസ് പരിഗണിക്കവെ സെപ്തംബർ അഞ്ചിന് ഹൈക്കോടതി ജഡ്ജി നവീൻ ചാവ്ല പറഞ്ഞിരുന്നു. ഇതിനെ, കോടതി ഭീഷണിപ്പെടുത്തിയെന്ന മട്ടിൽ വിക്കിപീഡിയയുടെ പേജിൽ ഉൾപ്പെടുത്തിയിരുന്നു.ഇത് പ്രഥമദൃഷ്ട്യാ കോടതിയെ അവഹേളിക്കുന്നതാണെന്ന് ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് തുഷാർ റാവു ഗെഡേല എന്നിവരുടെ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
കേന്ദ്രസർക്കാരിന്റെ പ്രചാരണ ഉപകരണമായി തങ്ങളെ വിക്കിപീഡിയയിൽ ചിത്രീകരിച്ചെന്നാണ് വാർത്താ ഏജൻസിയുടെ പരാതി. വാർത്താ ഏജൻസിയെ സംബന്ധിച്ച പേജിലെ വിവരങ്ങൾ തിരുത്തിയ മൂന്ന് വരിക്കാരുടെ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ നിർദ്ദേശിച്ചിരുന്നു. ഇതിനെതിരെ വിക്കിമീഡിയ ഫൗണ്ടേഷൻ സമർപ്പിച്ച ഹർജിയാണ് ഡിവിഷൻ ബെഞ്ച് ഇന്നലെ പരിഗണിച്ചത്. പേജ് നീക്കിയിട്ട് വരൂ. അതിനു ശേഷം വാദംകേൾക്കാമെന്ന് ബെഞ്ച് വ്യക്തമാക്കി. 21ന് വീണ്ടും പരിഗണിക്കും.