fkoo

ന്യൂഡൽഹി : 72 മണിക്കൂറിനിടെ 12 വ്യാജ ബോംബ് ഭീഷണി. രാജ്യാന്തര വിമാനസർവീസുകൾ ഉൾപ്പെടെ ഇത് തകിടംമറിച്ചു. ഇന്നലെ,​ ഡൽഹിയിൽ നിന്ന് ബംഗളൂരുവിലേക്കുള്ള ആകാശ എയർ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് തിരികെ ഡൽഹിയിൽ തന്നെയിറക്കി. മൂന്ന് നവജാത ശിശുക്കൾ ഉൾപ്പെടെ 177 യാത്രക്കാരും ഏഴ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ട്വീറ്റ് മുഖേനയായിരുന്നു ഭീഷണി. വിമാനത്താവളങ്ങളിൽ ജാഗ്രത വർദ്ധിപ്പിച്ചു. കണിശമായ നടപടികളിലേക്ക് കേന്ദ്രസർക്കാരും കടന്നു. സിവിൽ ഏവിയേഷൻ മന്ത്രാലയം,ദേശീയ അന്വേഷണഏജൻസികൾ എന്നിവയിൽ നിന്ന് റിപ്പോർട്ട് തേടിയിരിക്കുകയാണ് ആഭ്യന്തരമന്ത്രാലയം.

 17കാരൻ പിടിയിൽ

സംഭവത്തിൽ ഛത്തീസ്ഗഢിൽ 17കാരൻ പിടിയിലായി. മുംബയ് പൊലീസ് പിതാവിനെയും ചോദ്യം ചെയ്‌തെന്നാണ് സൂചന. വ്യാജ എക്‌സ് അക്കൗണ്ട് ഉപയോഗിച്ചു നാല് വിമാനങ്ങൾക്കു നേരെയാണ് 17കാരൻ ഭീഷണി മുഴക്കിയതെന്ന് അറിയുന്നു. പണമിടപാടുമായി ബന്ധപ്പെട്ട തർക്കത്തിലേ‌‌ർപ്പെട്ട സുഹൃത്തിന്റെ പേരിൽ വ്യാജ അക്കൗണ്ടുണ്ടാക്കി ഭീഷണി മുഴക്കുകയായിരുന്നുവെന്നാണ് സൂചന. സുഹൃത്തിനെ കുരുക്കുകയായിരുന്നു ലക്ഷ്യം.

 ഉന്നതതലയോഗങ്ങൾ

സിവിൽ ഏവിയേഷൻ മന്ത്രി കെ. രാംമോഹൻ നായിഡുവിന്റെ അദ്ധ്യക്ഷതയിൽ മന്ത്രാലയ ഉദ്യോഗസ്ഥരും ഡയറക്‌ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷൻ(ഡി.ജി.സി.എ) ഉദ്യോഗസ്ഥരും ഉന്നതതലയോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. ബോംബ് ഭീഷണി ലഭിച്ചാൽ ഉടൻ സിവിൽ ഏവിയേഷൻ മന്ത്രാലയത്തെ അറിയിക്കണമെന്ന് വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകി. ഡി.ജി.സി.എ റിപ്പോർട്ട് തയ്യാറാക്കും. ഇന്ന് വീണ്ടും യോഗം ചേരും. ഇന്നലെ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയും ചേർന്നു.

 നടപടികൾ

ഹൈജാക്കിംഗ് അടക്കം നേരിടാൻ വിമാനങ്ങളിൽ സ്കൈ മാർഷലുകളുടെ എണ്ണം വർദ്ധിപ്പിക്കും. സിവിൽ ഡ്രസിൽ യാത്രക്കാർക്കൊപ്പം സഞ്ചരിക്കുന്നവരാണിവർ. ആയുധങ്ങൾ പക്കലുണ്ടാകും. കാണ്ഡഹാർ വിമാനറാഞ്ചലിന് പിന്നാലെയാണ് സ്കൈ മാർഷൽ സംവിധാനം കൊണ്ടുവന്നത്. വ്യാജഭീഷണി മുഴക്കുന്നവരെ 'അൺറൂളി പാസഞ്ചേഴ്സ്' പട്ടികയിൽപ്പെടുത്തും. അഞ്ചുവർഷത്തേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തും.

 12 സർവീസുകളെ വലച്ചു

തിങ്കൾ മുതൽ ഇന്നലെ വരെ രാജ്യത്തെ 12 രാജ്യാന്തര, ആഭ്യന്തര വിമാന സർവീസുകൾക്കാണ് ബോംബ് ഭീഷണിയെത്തിയത്. മുംബയിൽ നിന്നുള്ള മൂന്ന് രാജ്യാന്തര വിമാനങ്ങൾക്കായിരുന്നു തിങ്കളാഴ്ചത്തെ ബോംബ് ഭീഷണി. ചൊവ്വാഴ്ച എട്ടുവിമാനങ്ങൾക്കും ഇന്നലെ ഒരു വിമാനത്തിനും. ചൊവ്വാഴ്ച ഡൽഹി -ചിക്കാഗോ എയർ ഇന്ത്യ വിമാനം കാനഡയിൽ ഇറക്കേണ്ടി വന്നു. ചൊവ്വാഴ്ച രാത്രി മുംബയിൽ നിന്ന് ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനം അഹമ്മദാബാദിൽ ഇറക്കി യാത്രക്കാരെ ഒഴിപ്പിച്ചു. ഇന്നലെ രാവിലെ എട്ടോടെയാണ് യാത്ര പുനരാരംരഭിച്ചത്.