
ന്യൂഡൽഹി: ഹരിയാനയിൽ നയാബ് സൈനിയുടെ നേതൃത്വത്തിൽ ബി.ജെ.പി സർക്കാർ ഇന്ന് അധികാരമേൽക്കും. പഞ്ച്കുള സെക്ടർ 5 ദസറ ഗ്രൗണ്ടിൽ രാവിലെ 10നാണ് സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്രമോദിയും മുതിർന്ന ബി.ജെ.പി നേതാക്കളും എൻ.ഡി.എ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും പങ്കെടുക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയിൽ ചണ്ഡിഗറിൽ ചേർന്ന നിയമസഭാകക്ഷി യോഗം സൈനിയെ നേതാവായി തിരഞ്ഞെടുത്തു. ഹരിയാനയിൽ ബി.ജെ.പിയുടെ തുടർച്ചയായ മൂന്നാം സർക്കാരും മുഖ്യമന്ത്രി പദത്തിൽ സൈനിയുടെ രണ്ടാമൂഴവുമാണിത്. ഹാട്രിക് ഭരണനേട്ടം ബി.ജെ.പിയുടെ നയങ്ങൾക്കുള്ള അംഗീകാരമാണെന്ന് അമിത് ഷാ പറഞ്ഞു. അഗ്‌നിവീർ പദ്ധതിക്കെതിരെ നടത്തിയ പ്രചാരണം തിരഞ്ഞെടുപ്പിൽ വിലപ്പോയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 90 അംഗ നിയമസഭയിൽ 48 സീറ്റുകൾ നേടിയാണ് ബി.ജെ.പി അധികാര തുടർച്ച നേടിയത്. ബി.ജെ.പിക്കൊപ്പം തുല്യ വോട്ട് വിഹിതം നേടിയെങ്കിലും കോൺഗ്രസ് 37 സീറ്റുകളിലൊതുങ്ങി.