lady-justice

നീതിയുടെ നേത്രങ്ങൾ അ‌ടഞ്ഞിരിക്കണോ, തുറന്നിരിക്കണോ? കൈയിലെ തുലാസിന്റെ തട്ടുകളിൽ 'നീതിവ്യത്യാസ"മില്ലെന്ന് കണ്ണുകൾ തുറന്നുതന്നെ നീതിദേവത ഉറപ്പാക്കേണ്ടതല്ലേ?​ സുപ്രീം കോടതി ജഡ്‌ജസ് ലൈബ്രറിയിൽ സ്ഥാപിച്ചിരുന്ന കണ്ണടച്ച നീതിദേവതാ ശില്പം കോളോണിയൽ കാലത്തിന്റെ ശേഷിപ്പെന്നു വിലയിരുത്തി,​ അതിനെ കണ്ണുകൾ തുറന്നുവച്ച ഭാരതീയ ശില്പമാക്കിയത് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നിർദ്ദേശപ്രകാരമാണ്. അതനുസരിച്ച് ഡൽഹിയിലെ ശില്പി മുരളീ ഗോസ്വാമി രൂപകല്പന ചെയ്ത,​ ആറടി ഉയരമുള്ള പുതിയ വെങ്കല പ്രതിമ ജഡ്ജസ് ലൈബ്രറിയിൽ സ്ഥാപിക്കുകയും ചെയ്തു. പക്ഷേ, സുപ്രീം കോടതി വളപ്പിൽ, കടുത്ത പ്രവേശന നിയന്ത്റണമുള്ള മേഖലയിലെ ഒരു കെട്ടിടത്തിലെ ചുവർച്ചിത്രത്തിൽ എത്രയോ വർഷമായി കൈയിൽ ഭരണഘടനയും നീതിയിലേക്ക് തുറന്നുപിടിച്ച കണ്ണുകളുമായി ഭാരതീയ വേഷത്തിൽ നീതിദേവത നില്പുണ്ട്!

ജഡ്ജിമാരും മുതിർന്ന ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും ഒഴികെ മറ്റാർക്കും പ്രത്യേകാനുമതി കൂടാതെ കടക്കാനാവാത്ത മേഖലയിലെ ചുവർച്ചിത്രത്തെക്കുറിച്ച് അധികമാർക്കും അറിയില്ലെന്നു മാത്രം! ചുവർചിത്രത്തിന്റെ ഇടതുഭാഗത്ത് മഹാത്മാ ഗാന്ധിയും മദ്ധ്യഭാഗത്ത് അശോകചക്രവും വലതുഭാഗത്ത് നീതിദേവതയും. കണ്ണുകൾ തുറന്ന്, ഇന്ത്യൻ ക്ലാസിക്കൽ നൃത്ത വേഷത്തിലാണ് ഈ നീതിദേവതാ രൂപം. വലതു കൈയിൽ ത്രാസുമായി, തല വലത്തേക്കു തിരിച്ച് ഉയർത്തിപ്പിടിച്ച്, കണ്ണുകൾ ത്രാസിലേക്ക് ഉറ്റുനോക്കിയാണ് ദേവതയുടെ നില്പ്. ഇടതു കൈയിൽ പുസ്‌തകം. ഇത് ഇന്ത്യൻ ഭരണഘടനയാണെന്നു കരുതാം. ദേശീയ പുഷ്‌പമായ താമരപ്പൂവിനു മുകളിലാണ് നീതിദേവതയുടെ നില്പ്.

തുറന്നുപിടിച്ച

കണ്ണുകൾ

കണ്ണുകൾ മൂടിക്കെട്ടിയ പതിവു നീതിദേവതാ ശില്പത്തിനു പകരം,​ കണ്ണുകൾ തുറന്നും കൈയിൽ ഖഡ്ഗത്തിനു പകരം ഭരണഘടന പിടിച്ചുമുള്ള ഭാരതീയ നീതിദേവതയെ സുപ്രീം കോടതിയിൽ സ്ഥാപിച്ചതോടെ,​ നീതിദേവതാ സങ്കല്പം തന്നെ വിശദമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. കൊളോണിയൽ കാലത്ത് പാശ്ചാത്യ സാമ്രാജ്യത്വത്തിന്റെ അടയാളമായിരുന്നു നീതിദേവത. നിഷ്പക്ഷമെന്ന് അവകാശപ്പെടുമ്പോഴും പ്രായോഗിക തലത്തിൽ കൊളോണിയൽ ശക്തികൾക്ക് വിധേയപ്പെട്ടാണ് അന്നത്തെ നീതിന്യായ സംവിധാനം പ്രവർത്തിച്ചിരുന്നതെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു.

നീതിയുടെ ആകാശത്ത് തലയുയർത്തി നിൽക്കുന്ന ദേവത! നീതിദേവതാ ശില്പങ്ങൾ ലോകത്ത് പല രാഷ്ട്രങ്ങളിലും പല രൂപങ്ങളിലുണ്ട്,​

നീതിയുടെ ചിഹ്‌നങ്ങളാണ് നീതിദേവത വഹിക്കുന്നത്. ത്രാസും വാളും കണ്ണിലെ കെട്ടും മിക്കയിടത്തും കാണാം. എന്നാൽ, ലണ്ടനിലെ ഓൾഡ് ബെയ്‌ലി കോർട്ട് ഹൗസിലെ ഉൾപ്പെടെ ലോകത്തെ പല കോടതികളിലെയും ശില്പങ്ങളിലും കണ്ണുകൾ തുണികൊണ്ട് മൂടിക്കെട്ടിയ നിലയിലല്ല എന്നതും ശ്രദ്ധേയമാണ്. നാശത്തിന്റെ വക്കിലായ ഇത്തരം പെയിന്റിംഗുകളും ശില്പങ്ങളും സംരക്ഷിക്കുന്ന നടപടികൾ അമേരിക്കയിലും ബ്രിട്ടനിലും അടക്കം പല രാജ്യങ്ങളിലും നടക്കുന്നുണ്ട്. ശില്പത്തിലെ നീതിമുദ്രകളുടെ അർത്ഥവും വ്യാഖ്യാനവും ഇങ്ങനെ:

ത്രാസ്: തിന്മയിൽ നിന്ന് നന്മയെ അളന്നു നോക്കാൻ. ഇരുവശത്തെയും തെളിവുകൾ അളന്നു നോക്കി ന്യായം വിധിക്കുന്നു. സാധാരണയായി ത്രാസ് നീതിദേവതയുടെ ഇടതുകൈയിൽ.

വാൾ: സാധാരണയായി വലതു കൈയിൽ. നീതി നടപ്പാക്കലിന്റെയും നിരപരാധിയെ സംരക്ഷിക്കുന്നുവെന്നതിന്റെയും പ്രതീകം.

കണ്ണിൽ കെട്ട്: പതിനാറാം നൂറ്റാണ്ടിലാണ് നീതിദേവതയ്‌ക്ക് കണ്ണിൽ കെട്ടു വന്നത്. നിയമത്തെക്കുറിച്ചുള്ള അജ്ഞത പൊറുക്കും എന്നതായിരുന്നു തുടക്കത്തിലെ ആശയം. എന്നാൽ 17, 18 നൂറ്റാണ്ടുകളിൽ ചിന്തകരായ വോൾട്ടയർ, ജോൺ ലോകേ തുടങ്ങിയവർ,​പക്ഷപാതമോ ഭയമോ ഇല്ലാതെ നീതി നടപ്പാക്കണമെന്ന് വാദിച്ചു. ഇതോടെ ഈ പ്രതീകത്തിന്റെ അർത്ഥത്തിന് കാതലായ മാറ്റം വരികയും ചെയ്തു. അധികാരം, സമ്പത്ത് അല്ലെങ്കിൽ പദവി എന്നിവയിൽ നീതി അന്ധമായിരിക്കണമെന്ന ആശയമായി അത് മാറി.

ഹൈക്കോടതി

നീതിരൂപങ്ങൾ
പാശ്ചാത്യ സ്വാധീനങ്ങളുടെയും പ്രാദേശിക സവിശേഷതകളുടെയും മിശ്രിതമാണ് രാജ്യത്തെ പല ഹൈക്കോടതികളിലെയും നീതിദേവതാ രൂപങ്ങൾ. ബോംബെ ഹൈക്കോടതി കെട്ടിടത്തിനു മുകൾഭാഗത്ത് കോണാകൃതിയിലെ ഗോപുരത്തിൽ കാണുന്നത് നീതിദേവതയാണോ, ദേവനാണോ എന്നത് അവ്യക്തമാണ്. 1872-ൽ നിർമ്മാണം പൂർത്തിയാക്കിയ കൽക്കട്ട ഹൈക്കോടതി മന്ദിരത്തിൽ വാസ്‌തുവിദ്യയുടെ ഭാഗമായിത്തന്നെ നീതിദേവതയുടെ വിവിധ രൂപങ്ങളുണ്ട്. ചിലയിടത്ത് കണ്ണുകെട്ടിയ നിലയിലും, ചിലത് കണ്ണുകൾ തുറന്ന നിലയിലും. ഒരേ കെട്ടിടത്തിൽത്തന്നെ ഇത്തരം വൈരുദ്ധ്യങ്ങളുള്ളത് നീതിയുടെ ആശയത്തെ ദൃശ്യപരമായി വ്യാഖാനിക്കുന്നതിന്റെ സാദ്ധ്യതകളായാണ് വിലയിരുത്തപ്പെടുന്നത്.

ലോകത്തെ പോരാട്ടങ്ങൾ ഏറെയും നീതിക്കും സ്വാതന്ത്യത്തിനും വേണ്ടിയാണ്. ചരിത്രാതീത കാലം മുതൽ അത് അങ്ങനെ തന്നെ. നീതിദേവതാ സങ്കല്പത്തിന്റെ ഉത്പത്തിക്കും പരിണാമങ്ങൾക്കും പിന്നിൽ സമ്പന്നമായ ചരിത്രവുമുണ്ട്. നീതിയുടെയും സമത്വത്തിന്റെയും പ്രതീകമാണത്. ഈജിപ്‌ത്, ഗ്രീസ്, റോം എന്നിവിടങ്ങളിൽ സംസ്‌കാരത്തിന്റെ അനിഷേദ്ധ്യ ഘടകമായിരുന്നു. സത്യം, നീതി, ക്രമം എന്നിവയാണ് നീതിദേവതാ രൂപം അടയാളപ്പെടുത്തിയിരുന്നത്.


നിൽക്കുന്നതും ഇരിക്കുന്നതുമായുള്ള നീതിദേവതാ ശില്പങ്ങളിൽ, പുരാതന റോമിലെ വസ്ത്രമായ 'ടോഗ"യാണ് സാധാരണയായി ധരിച്ചു കാണുന്നത്. നഗ്നപാദയായിട്ടുള്ള ശില്പങ്ങളുമുണ്ട്. പല പ്രാചീന റോമൻ നാണയങ്ങളിലെയും നീതിദേവതയുടെ രൂപത്തിൽ ത്രാസും വാളുമുണ്ടെങ്കിലും കണ്ണിൽ കെട്ടില്ല. പതിനാറാം നൂറ്റാണ്ടു മുതലാണ് കണ്ണിലെ കെട്ടോടു കൂടിയ നീതിദേവതാ രൂപം പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.

ജസ്റ്റിഷ്യ ആദ്യ

നീതിദേവത

പുരാതത റോമൻ ഇതിഹാസത്തിലെ ജസ്റ്റിഷ്യ എന്ന ദേവതയാണ് നീതിദേവതാ സങ്കല്പത്തിലെ ആദ്യരൂപം. ആദ്യ റോമൻ ചക്രവർത്തിയായ അഗസ്റ്റസ് (27 ബി.സി - 14 സി.ഇ) ആണ് ജസ്റ്റിഷ്യയെ നീതിദേവതയായി ആരാധിച്ചു തുടങ്ങിയത്. റോമൻകാർ ജസ്റ്റിഷ്യയെ നീതിദേവതയായി അംഗീകരിച്ച്,​ ആരാധിച്ചു തുടങ്ങുകയും ചെയ്തു. മദ്ധ്യ കാലഘട്ടത്തിൽ കണ്ണിൽ കെട്ടില്ലാത്ത നീതിദേവതാ ശില്പങ്ങളായിരുന്നു പതിവെങ്കിലും,​ നവോത്ഥാന കാലത്ത് ദേവതയുടെ കണ്ണിൽ കെട്ടുവന്നു. ലോകത്ത് ഏറെ അംഗീകരിക്കപ്പെട്ടത് ജസ്റ്റിഷ്യ എന്ന നീതിദേവതാ രൂപമാണ്. നീതിന്യായ സംവിധാനത്തിന്റെ ധാർമ്മികതയെ ആണ് ജസ്റ്റിഷ്യ പ്രതിനിധാനം ചെയ്യുന്നത്. നീതിന്യായ വ്യവസ്ഥയിലെ ധാ‌ർമ്മിക ശക്തിയുടെ പ്രതീകമായി ഭരണാധികാരികൾ അതിനെ കണ്ടുതുടങ്ങുകയും ചെയ്തു.

ഈജിപ്ഷ്യൻ വിശ്വാസമനുസരിച്ച് നീതിയുടെ ദേവത 'മാത്" ആണ്. സത്യം, സന്തുലിതാവസ്ഥ, പ്രാപഞ്ചിക ക്രമം (കോസ്‌മിക് ഓർഡർ) എന്നിവയുടെ ദേവതയായി 'മാതി" നെ അവർ കണ്ടു. 2300 ബി.സി കാലഘട്ടം മുതൽ ആരാധിക്കപ്പെട്ടിരുന്ന മാത് ദേവതയുടെ ശിരോവസ്ത്രത്തിൽ ഒട്ടകപ്പക്ഷിയുടെ തൂവലുകളായിരുന്നു. സത്യത്തിന്റെ തൂവൽ എന്നാണത്രേ ഇവ അറിയപ്പെട്ടിരുന്നത്.

പുരാതന ഗ്രീക്കുകാരുടെ നീതിദേവത 'തെമിസ്" ആണ്. തെമിസ് എന്ന വാക്കിന് നീതി ഉറപ്പാക്കുന്ന ദൈവിക നിയമം എന്നാണ് അർത്ഥം. കൈയിൽ ത്രാസ്, വാൾ. സമൃദ്ധിയെ സൂചിപ്പിക്കാൻ ആടിന്റെ കൊമ്പ് എന്നിവയുടെ തെമിസ് ദേവതയുടെ രൂപത്തിലുണ്ടെങ്കിലും കണ്ണുകളിൽ കെട്ടില്ല. നീതി അതിന്റെ പൂർണമായ അർത്ഥത്തിൽ അന്ധമല്ലെന്ന് സൂചിപ്പിക്കാനാണ് ഇത്.

നീതി ദേവതമാരെപ്പോലെ പുരാണങ്ങളിൽ അനീതിക്കുമുണ്ട്,​ ദേവന്മാരും ദേവതകളും. ഗ്രീക്ക് പുരാണങ്ങളിൽ അഡിസിയ എന്നും അഡികിയ എന്നുമാണ് അനീതിയുടെ ദേവതയുടെ പേര്. ശരീരത്തിൽ ടാറ്റൂ കുത്തിയ അഡിസിയയുടെ പെയിന്റിംഗുകളുമുണ്ട്.

ന്യായ് കി ദേവി

ഇന്ത്യൻ നീതിദേവതയെ 'ന്യായ് കി ദേവി" എന്നാണ് സുപ്രീം കോടതി വൃത്തങ്ങൾ ഇപ്പോൾ വിശേഷിപ്പിക്കുന്നത്. ഇന്ത്യൻ പുരാണങ്ങളിലും വിശ്വാസങ്ങളിലും ദുർഗാ ദേവി, ചിലപ്പതികാരത്തിലെ കണ്ണകി എന്നിവർ നീതിയുടെ രൂപമാണ്. ധ‌ർമരാജനെന്നും യമരാജനെന്നും വിളിക്കുന്ന കാലനെ മരണത്തിനൊപ്പം നീതിയുടെ ദേവനായും സങ്കല്പിക്കുന്നുണ്ട്.

 നീതിദേവതയുടെ കണ്ണിലെ കെട്ടഴിച്ചു. ഇനി തുറന്ന കണ്ണുകൾ. നിയമം അന്ധമല്ലെന്ന സന്ദേശം നൽകാനാണിത്. ജുഡിഷ്യൽ നടപടികളുടെ സുതാര്യത ഉറപ്പാക്കുന്നുവെന്ന് സൂചിപ്പിക്കുന്നു. അധികാരം, സമ്പത്ത് തുടങ്ങിയവയൊന്നും പരിഗണിക്കാതെ സമഭാവനയോടെ നീതി നടപ്പാക്കുന്നു എന്ന സന്ദേശമായിരുന്നു കൊളോണിയൽ കാലത്തെ കണ്ണു കെട്ടൽ.

 ത്രാസ് വലതു കൈയിൽ

 ഇടതുകൈയിൽ വാളിനു പകരം ഇന്ത്യൻ ഭരണഘടന. നീതി വേഗത്തിൽ എന്നതിന്റെ പ്രതീകമായിരുന്നു തുടക്കകാലത്ത് വാൾ. കൊളോണിയൽ കാലത്ത് അനീതിക്ക് ശിക്ഷ എന്നതിന്റെ അടയാളമായി. എന്നാൽ, ഭരണഘടന പ്രകാരം നീതി ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്യുന്നതാണ് പുതിയ മാറ്റം. ഭരണഘടനാ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നു. ജനാധിപത്യ തത്വങ്ങൾക്കും മനുഷ്യാവകാശത്തിനും ഊന്നൽ നൽകുന്നു.

 ഗൗണില്ല. പകരം ഇന്ത്യൻ സംസ്‌കാരത്തിന്റെ ഭാഗമായ സാരി. ഒപ്പം ആഭരണങ്ങളും.

 കേന്ദ്രസർക്കാർ പുതിയ ഭാരതീയ നീതിദേവതാ ശില്പത്തെ പ്രകീർത്തിക്കുകയും,​ ആധുനിക സങ്കല്പത്തിനനുസരിച്ച് വ്യാഖ്യാനിക്കുകയും ചെയ്യുമ്പോൾ ചില പ്രതിപക്ഷ പാർട്ടികൾ എതിർപ്പുമായി രംഗത്തുണ്ട്. രാഷ്ട്രീയ അജൻഡയാണെന്നാണ് ആരോപണം. ജസ്റ്റിസ് മാർക്കണ്ഡേയ കട്‌ജുവിനെ പോലെ പല മുൻ സുപ്രീംകോടതി ജഡ്‌ജിമാരും വിമർശകരുടെ കൂട്ടത്തിലുണ്ട്.