
ബന്ധത്തിൽ വിള്ളലുണ്ടാക്കിയതിന്റെ ഉത്തരവാദിത്വം ട്രൂഡോയ്ക്ക്
ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറുടെ വധത്തിന് പിന്നിൽ ഇന്ത്യയാണെന്ന് ആദ്യം ആരോപിച്ചത് വ്യക്തമായ തെളിവുകളില്ലാതെയെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സമ്മതിച്ചതിനു പിന്നാലെ രൂക്ഷ വിമർശനവുമായി വിദേശകാര്യ മന്ത്രാലയം. നിജ്ജറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തെളിവുനൽകിയെന്ന വാദം തെറ്റെന്ന് ആവർത്തിച്ച ഇന്ത്യ ട്രൂഡോയുടെ വാക്കും പ്രവൃത്തിയും തമ്മിൽ അന്തരമുണ്ടെന്നും വ്യക്തമാക്കി.
കാനഡയുമായി നല്ല ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും വിദേശകാര്യ വക്താവ് രൺദീപ് ജയ്‌സ്വാൾ പറഞ്ഞു. ഇന്ത്യ-കാനഡ ബന്ധത്തിൽ വിള്ളലുണ്ടാക്കിയതിന്റെ ഉത്തരവാദിത്വം പ്രധാനമന്ത്രി ട്രൂഡോയ്ക്ക് മാത്രമാണ്.
ഇന്ത്യയ്ക്കും ഇന്ത്യൻ നയതന്ത്രജ്ഞർക്കും എതിരെയുള്ള ഗുരുതര ആരോപണങ്ങളെ പിന്തുണയ്ക്കുന്ന ഒരു തെളിവും കാനഡ കൈമാറിയിട്ടില്ല. കാനഡയിലെ ഇന്ത്യാ വിരുദ്ധ ഘടകങ്ങൾക്കെതിരെ ട്രൂഡോ സർക്കാർ ഒരു നടപടിയുമെടുത്തിട്ടില്ല. അവരിൽ നിന്ന് ട്രൂഡോ സർക്കാരിന് ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടാകാം. സുരക്ഷാ ഭീഷണിയുള്ളതിനാലാണ് ഹൈക്കമ്മിഷണറെയും അഞ്ച് നയതന്ത്രജ്ഞരെയും പിൻവലിച്ചത്. അവരോട് രാജ്യം വിടണമെന്ന് കാനഡ ആവശ്യപ്പെട്ടെങ്കിലും അതിന് മുൻപ് ഇന്ത്യ നയതന്ത്രജ്ഞരെ പിൻവലിച്ചിരുന്നു, കൊടും കുറ്റവാളി ബിഷ്ണോയുടെ സംഘത്തെ ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് താത്‌പര്യമില്ലാത്തവരെ ലക്ഷ്യമിടുന്നുവെന്ന കാനഡയുടെ ആരോപണവും ഇന്ത്യ തള്ളി. ക്രിമിനൽ കൈമാറ്റ കരാർ പ്രകാരം ബിഷ്‌ണോയ് സംഘത്തിൽപ്പെട്ട 26 പേരെ കൈമാറാനുള്ള ഇന്ത്യയുടെ അപേക്ഷ പത്തു വർഷത്തിലേറെയായി കാനഡ അംഗീകരിച്ചിട്ടില്ലെന്നായിരുന്നു രൺദീപ് ജയ്സ്വാളിന്റെ പ്രതികരണം. കാനഡയുമായി ഇന്ത്യയ്‌ക്ക് ശക്തമായ ഉഭയകക്ഷി ബന്ധമുണ്ട്. ധാരാളം ഇന്ത്യൻ വിദ്യാർത്ഥികൾ അവിടെ പഠിക്കുന്നു. ജനങ്ങൾ തമ്മിൽ അടുത്ത ബന്ധമാണെന്നും ജയ്‌സ്വാൾപറഞ്ഞു.
ട്രൂഡോയുടെ കുറ്റസമ്മതം
ഒട്ടാവ: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറുടെ വധത്തിന് പിന്നിൽ ഇന്ത്യയാണെന്ന് ആദ്യം ആരോപിച്ചത് വ്യക്തമായ തെളിവുകളില്ലാതെയെന്ന് സമ്മതിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് പരസ്യമായി ആരോപിച്ചതെന്ന് ട്രൂഡോ ഫോറിൻ ഇന്റർഫിയറൻസ് കമ്മിഷന് മുന്നിൽ വ്യക്തമാക്കി. കാനഡയിലെ വിദേശ ഇടപെടലുകൾ സംബന്ധിച്ച് അന്വേഷിക്കുന്നത് കമ്മിഷനാണ്.
2023 ജൂണിലാണ് നിജ്ജർ കാനഡയിലെ സറെയിൽ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇതിൽ ഇന്ത്യക്ക് ബന്ധമുണ്ടെന്ന് അന്ന് പാർലമെന്റിൽ ട്രൂഡോ പറഞ്ഞതോടെ ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്ര ഭിന്നത ഉടലെടുത്തു. ട്രൂഡോയുടെ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന് വ്യക്തമാക്കിയ ഇന്ത്യ കൃത്യമായ തെളിവുകൾ കൈമാറണമെന്ന് അറിയിച്ചിരുന്നു. വിഷയത്തിൽ ശക്തമായ തെളിവുകൾ ഇന്ത്യയ്ക്ക് കൈമാറിയിട്ടുണ്ടെന്നായിരുന്നു കാനഡയുടെ വാദം.
# വ്യക്തമായ തെളിവ് ഇല്ല
(കമ്മിഷന് മുമ്പാകെ ട്രൂഡോ പറഞ്ഞത്)
നിജ്ജർ വധത്തിലെ ഇന്ത്യൻ ഇടപെടൽ അന്വേഷിക്കണമെന്ന് കനേഡിയൻ ഏജൻസികൾ ആവശ്യപ്പെട്ടു
അന്വേഷണത്തോട് സഹകരിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടെങ്കിലും തെളിവ് കൈമാറണമെന്ന് പറഞ്ഞു
ആ ഘട്ടത്തിൽ ഇന്റലിജൻസ് വിവരങ്ങളാണുണ്ടായിരുന്നത്. അതിനാൽ ഇന്ത്യയ്ക്ക് അന്ന് വ്യക്തമായ തെളിവുകൾ കൈമാറിയില്ല
ഇന്ത്യാ വിരുദ്ധ കനേഡിയൻ പൗരന്മാരുടെ വിവരങ്ങൾ ഇന്ത്യൻ നയതന്ത്റ ഉദ്യോഗസ്ഥർ ശേഖരിച്ചു. അത് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർക്കും ലോറൻസ് ബിഷ്‌ണോയി ഗ്യാങ്ങ് പോലുള്ള ക്രിമിനൽ സംഘങ്ങൾക്കും കൈമാറി
കഴിഞ്ഞ വർഷം ഡൽഹിയിൽ ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വിഷയം ഉന്നയിച്ചു. കാനഡയിലെ ഖാലിസ്ഥാൻ വാദികൾക്കെതിരെ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു
# ഖാലിസ്ഥാൻ ബന്ധം ?
ഇതിനിടെ, കനേഡിയൻ പ്രധാനമന്ത്രിയുടെ ഓഫീസുമായി കഴിഞ്ഞ 2-3 വർഷമായി ആശയവിനിമയം നടത്തുന്നുണ്ടെന്ന ഖാലിസ്ഥാൻ ഭീകരൻ ഗുർപത്‌വന്ത് സിംഗ് പന്നൂനിന്റെ വെളിപ്പെടുത്തൽ ട്രൂഡോയ്ക്ക് തലവേദനയായി. ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥരെ സംബന്ധിച്ച വിവരങ്ങൾ ഓഫീസിന് കൈമാറുന്നുണ്ടെന്നും പന്നൂൻ അവകാശപ്പെട്ടു. ഇന്ത്യയ്ക്കെതിരെ നിരന്തരം ആക്രമണ ഭീഷണി മുഴക്കുന്നയാളാണ് കാനഡയും യു.എസും ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പന്നൂൻ.