
ന്യൂഡൽഹി: കോയമ്പത്തൂരിലെ ഇഷാ ഫൗണ്ടേഷന്റെ ആശ്രമത്തിൽ തന്റെ രണ്ടു പെൺമക്കളെ തടങ്കലിലാക്കിയിരിക്കുന്നുവെന്ന പിതാവിന്റെ ഹർജിയിലെ നടപടികൾ അവസാനിപ്പിച്ച് സുപ്രീംകോടതി. സ്വന്തം ഇഷ്ടപ്രകാരമാണ് ആശ്രമത്തിൽ താമസിക്കുന്നതെന്ന്, സന്യാസിനിമാരായി മാറിയ പെൺമക്കൾ കോടതിയെ അറിയിച്ചിരുന്നു. കോയമ്പത്തൂർ പൊലീസ് നൽകിയ അന്വേഷണ റിപ്പോർട്ടിലും ഇവർ ആശ്രമത്തിൽ സന്തോഷത്തോടെ കഴിയുകയാണെന്ന് വ്യക്തമാക്കിയിരുന്നു. തങ്ങളെയും ആശ്രമത്തെയും കുറിച്ച് കള്ളം പറയരുതെന്ന് രക്ഷിതാക്കളോട് സന്യാസിനിമാർ അഭ്യർത്ഥിച്ചിട്ടുണ്ട്. സ്വീകരിച്ച വഴിയിൽ ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് അവർ പറഞ്ഞതായും പൊലീസ് കോടതിയെ അറിയിച്ചു. ഇക്കാര്യങ്ങൾ കണക്കിലെടുത്താണ് ഹർജി തീർപ്പാക്കിയത്. ഇഷാ ഫൗണ്ടേഷന്റെ പരാതിയെ തുടർന്ന് മദ്രാസ് ഹൈക്കോടതിയിലെ ഹർജി സുപ്രീംകോടതിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
ഇഷാ ഫൗണ്ടേഷനും സ്ഥാപകൻ സദ്ഗുരു ജഗ്ഗി വാസുദേവിനുമെതിരെ കോയമ്പത്തൂർ സ്വദേശി എസ്.കാമരാജാണ് മദ്രാസ് ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി ഫയൽ ചെയ്തത്. 42ഉം, 39ഉം വയസുള്ള മക്കളെ ബ്രെയിൻ വാഷ് ചെയ്തിരിക്കുകയാണെന്ന് ഹർജിയിൽ ആരോപിച്ചു. തുടർന്ന്, ഇഷാ ഫൗണ്ടേഷനെതിരെ കേസുകളുണ്ടെങ്കിൽ അക്കാര്യം അറിയിക്കണമെന്ന് തമിഴ്നാട് സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചു. നടപടിക്കെതിരെ ഇഷാ ഫൗണ്ടേഷൻ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
അപകീർത്തിപ്പെടുത്താനാകില്ല
രണ്ടു പേരും പ്രായപൂർത്തിയായവരാണെന്ന് ഹർജിയിലെ നടപടികൾ അവസാനിപ്പിച്ചു കൊണ്ട് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. നടപടികൾ വ്യക്തികളെയും സ്ഥാപനങ്ങളെയും അപകീർത്തിപ്പെടുത്തുന്ന രീതിയിലാകുന്നത് അനുവദിക്കാനാകില്ലെന്നും നിലപാടെടുത്തു.