
ന്യൂഡൽഹി : മുഴുവൻ ബെഞ്ചുകളിലെയും കേസ് നടപടികൾ തത്സമയം സംപ്രേഷണം ചെയ്യാൻ സുപ്രീംകോടതി ഒരുങ്ങുന്നു. ഇതിനായി തയ്യാറാക്കിയ ആപ്പ് മുഖേന ഇന്നലെ പരീക്ഷണ ലൈവ് സ്ട്രീമിംഗ് നടത്തി.
നിലവിൽ ഭരണഘടനാ ബെഞ്ചിലെയും, പൊതുതാത്പര്യമുള്ള പ്രധാന കേസുകളിലെയും നടപടികൾ മാത്രമാണ് സുപ്രീംകോടതിയുടെ യുട്യൂബിൽ തത്സമയം സംപ്രേഷണം ചെയ്യുന്നത്. ഈ കേസുകളിലെ വാദം, വിധി തുടങ്ങിയവ ജനങ്ങൾ ലൈവായി കാണുന്നുണ്ട്.
ആപ്പിലൂടെ എല്ലാ ബെഞ്ചിലെയും നടപടികൾ തത്സമയം കാണിക്കുന്നതിലൂടെ വ്യവഹാരികളെയും ജനങ്ങളെയും കോടതിനടപടികളിലേക്ക് ചേർത്തുനിർത്താനും സുതാര്യത ഉറപ്പാക്കാനും കഴിയും. 2022ൽ സാമ്പത്തിക സംവരണം ചോദ്യംചെയ്‌ത ഹർജികളിലെ വാദമായിരുന്നു ആദ്യത്തെ ലൈവ് സ്ട്രീമിംഗ്.