
ന്യൂഡൽഹി : ഇ.ഡി കേസിൽ 2022 മേയിൽ അറസ്റ്റിലായ ആം ആദ്മി നേതാവും ഡൽഹി മുൻ ആരോഗ്യമന്ത്രിയുമായ സത്യേന്ദർ ജെയിന് ഉപാധികളോടെ ജാമ്യം. പിന്നാലെ രാത്രി 8.15ഓടെ ജയിൽ മോചിതനായി. കേസിന്റെ വിചാരണ ഇതുവരെ ആരംഭിക്കാത്ത സാഹചര്യവും ഏറെനാളായുള്ള ജയിൽവാസവും കണക്കിലെടുത്താണ് റൗസ് അവന്യു കോടതിയുടെ നടപടി. ഡൽഹി മദ്യനയക്കേസിലെ പ്രതിയും ആംആദ്മി പാർട്ടി നേതാവുമായ മനീഷ് സിസോദിയയ്ക്ക് ജാമ്യം അനുവദിക്കവെ, അതിവേഗ വിചാരണ പ്രതിയുടെ അവകാശമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ഇക്കാര്യമടക്കം ചൂണ്ടിക്കാട്ടിയാണ് ജാമ്യം. 50,000 രൂപ ജാമ്യബോണ്ട് കെട്ടിവയ്‌ക്കണം. കോടതിയുടെ അനുമതിയില്ലാതെ വിദേശയാത്ര പാടില്ല. സാക്ഷികളെ സ്വാധീനിക്കാൻ പാടില്ലെന്നും ഉപാധിവച്ചു. നാലു കമ്പനികൾ മുഖേന കള്ളപ്പണ ഇടപാട് നടത്തിയെന്നാണ് കേസ്. ജാമ്യാപേക്ഷയെ ഇ.ഡി ശക്തമായി എതിർത്തിരുന്നു.
മോശം ആരോഗ്യസ്ഥിതി കണക്കിലെടുത്ത് സത്യേന്ദറിന് 2023 മേയ് 26ന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചെങ്കിലും, ഇക്കഴിഞ്ഞ മാർച്ചിൽ ജാമ്യം റദ്ദാക്കിയ ശേഷം കീഴടങ്ങാൻ ഉത്തരവിട്ടു. സത്യം വിജയിക്കുമെന്നാണ് ജാമ്യം ലഭിച്ചു കോടതിയിൽ നിന്ന് പുറത്തിറങ്ങിയ സത്യേന്ദർ ജെയ്ൻ പ്രതികരിച്ചത്. മൊഹല്ല ക്ലിനിക്കുകൾ പൂട്ടിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി, ഡൽഹി മുൻ ആരോഗ്യമന്ത്രിയെ ജയിലിലിട്ടതെന്ന് ആംആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ ആരോപിച്ചു.