delhi-pi

ന്യൂഡൽഹി: ശൈത്യകാലത്തേക്ക് നീങ്ങുന്ന ഡൽഹിയിൽ ആശങ്കയായി വായു മലിനീകരണം. ഇന്നലെ മുൻഡ്ക മേഖലയിൽ വായു നിലവാര സൂചിക (എയർ ക്വാളിറ്റി ഇൻഡക്‌സ്) വളരെ മോശം വിഭാഗത്തിലെ 374 ആണ് രേഖപ്പെടുത്തിയത്. നഗരത്തിൽ പലയിടത്തും പുലർച്ചെ പുകമഞ്ഞ് രൂപപ്പെട്ടു. സമീപ സംസ്ഥാനങ്ങളായ ഹരിയാനയിലെയും പഞ്ചാബിലെയും പാടംകത്തിക്കൽ, കാലാവസ്ഥാ മാറ്റം, ഫാക്‌ടറികളിലെയും വാഹനങ്ങളുടെയും പുക, നിർമ്മാണ സൈറ്റുകളിലെ പൊടി എന്നിവയാണ് പ്രധാന കാരണങ്ങളായി വിലയിരുത്തുന്നത്. ദീപാവലി അടുക്കുന്നതോടെ പടക്കം പൊട്ടിക്കൽ പ്രശ്‌നം രൂക്ഷമാക്കും. ഡൽഹിയിൽ 2025 ജനുവരി ഒന്നു വരെ പടക്കം വിൽപനയും സംഭരണവും പൊട്ടിക്കലും നിരോധിച്ചിട്ടുണ്ട്.

 നടപടികൾ തുടങ്ങി

ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ - ഒന്ന് - നടപ്പാക്കി തുടങ്ങി. ഇതിന്റെ ഭാഗമായി നിർമ്മാണ സൈറ്റുകളിലെ പൊടിപടലം നിയന്ത്രിക്കാനും പരിശോധനയ്‌ക്കും 99 സംഘങ്ങളെ ഡൽഹി സർക്കാർ നിയോഗിച്ചു. നിർദ്ദേശങ്ങൾ ലംഘിച്ചവരിൽ നിന്ന് ഇതുവരെ 17 ലക്ഷം രൂപ പിഴയീടാക്കി. രൂക്ഷമായ വായു മലിനീകരണം നേരിടുന്ന പ്രദേശങ്ങളിൽ വെള്ളം സ്‌പ്രേ ചെയ്യാൻ 200 ആന്റി സ്‌മോഗ് ഗണ്ണുകൾ രംഗത്തിറക്കി.

 സൂചിക കണക്ക്

50 വരെയാണ് മികച്ച വായു നിലവാര സൂചിക (എയർ ക്വാളിറ്റി ഇൻഡക്സ്). 51 മുതൽ 100 വരെ തൃപ്തികരം. 101 മുതൽ 200 വരെ ഗുരുതര സ്ഥിതിയല്ലാത്തത്.

 210 മുതൽ 300 - മോശം

 300 മുതൽ 400 - വളരെ മോശം.

 400-500 ഗുരുതരം

 501 മുതൽ മുകളിലേക്ക് അതീവ അപകട വിഭാഗം