modi

ന്യൂ‌ഡൽഹി : നയതന്ത്ര ബന്ധത്തിലെ തകർച്ചയ്‌ക്ക് പിന്നാലെ കാനഡയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ. കാനഡയിൽ നിന്ന് ഇന്ത്യയ്‌ക്ക് വിട്ടുകിട്ടാനുള്ള ഖാലിസ്ഥാൻ ഭീകരരുടെ പട്ടികയിൽ കാനഡയിലെ പൊലീസ് ഉദ്യോഗസ്ഥൻ സന്ദീപ് സിംഗ് സിദ്ദുവിന്റെ പേരും ഉൾപ്പെടുത്തി. നിരോധിത സംഘടനയായ ഇന്റർനാഷണൽ സിഖ് യൂത്ത് ഫെഡറേഷനിലെ അംഗമാണ് സന്ദീപ് സിംഗെന്ന് ഇന്ത്യ കണ്ടെത്തിയിരുന്നു. പഞ്ചാബിലെ ഉൾപ്പെടെ ഭീകരപ്രവർത്തനത്തിൽ ഇയാൾക്ക് പങ്കുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസിയും (എൻ.ഐ.എ)​ പറയുന്നു. കനേ‌ഡിയൻ ബോർഡർ സർവീസ് ഏജൻസി (സി.ബി.എസ്.എ)​ സൂപ്രണ്ടന്റാണ് സന്ദീപ് സിംഗ്. ഭീകരരും കൊടുംകുറ്റവാളികളും ഉൾപ്പെടെ 26ൽപ്പരം പേരുടെ പട്ടികയാണ് ഇന്ത്യ കൈമാറിയത്. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഇരു രാജ്യങ്ങളുടെയും ബന്ധം വഷളായി തുടങ്ങിയത്.

 സണ്ണി ടൊറന്റോയോ?

1. സന്ദീപ് സിംഗ് സിദ്ദുവിന് പാകിസ്ഥാൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഖാലിസ്ഥാൻ ഭീകരൻ ലഖ്ബീ‌ർ സിംഗ് റോഡെയുമായി ബന്ധം

2. 2020ൽ മുൻ സൈനിക ഉദ്യോഗസ്ഥൻ ബൽവീന്ദർ സിംഗ് സന്ധുവിനെ കൊലപ്പെടുത്തിയതിൽ പങ്ക്

( പഞ്ചാബിലെ ഖാലിസ്ഥാൻ പ്രവർത്തനങ്ങളെ പ്രതിരോധിച്ചയാളാണ് ബൽവീന്ദർ സിംഗ് )​

3. സണ്ണി ടൊറന്റോ എന്ന പേരുള്ള ഖാലിസ്ഥാൻ ഭീകരൻ,​ സന്ദീപ് സിംഗ് സിദ്ദുവാണോയെന്ന് സംശയം

 വികാഷ് യാദവ്

ജയിലിൽ കഴിഞ്ഞു

സിഖ്സ് ഫോർ ജസ്റ്രിസിന്റെ നേതാവ് ഗുർപത്‌വന്ത് സിംഗ് പന്നൂനിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന് യു.എസ് ആരോപിച്ച വികാഷ് യാദവ് തീഹാർ ജയിലിൽ കഴിഞ്ഞിരുന്നതായി സൂചന. മുൻ റോ ഉദ്യോഗസ്ഥനാണ് വികാഷ് യാദവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് ഡൽഹിയിലെ തട്ടിക്കൊണ്ടുപോകൽ, പിടിച്ചുപറി കേസിൽ വികാഷ് യാദവിനെ പൊലീസ് അറസ്റ്ര് ചെയ്‌തുവെന്ന വിവരങ്ങളും പുറത്തുവരുന്നത്. 2023 ഡിസംബറിൽ അറസ്റ്റിലായി കഴിഞ്ഞ ഏപ്രിലിലാണ് ജയിലിൽ നിന്നിറങ്ങിയത്. ഡൽഹി രോഹിണിയിലെ ഐ.ടി കമ്പനി ഉടമയുടെ പരാതിയിലായിരുന്നു കേസ്. 'സുഹൃത്ത് വഴിയാണ് പരിചയപ്പെടുന്നത്. അണ്ടർകവർ ഏജന്റാണെന്ന് പറഞ്ഞു. 2023 നവംബറിൽ യാദവും കൂട്ടാളിയും ബലംപ്രയോഗിച്ച് വാഹനത്തിൽ കയറ്റി ഡിഫൻസ് കോളനിക്ക് സമീപത്തെ ഫ്ളാറ്റിൽ കൊണ്ടുപോയി. ദുബായിലെ ഒരാളുടെ നിർദ്ദേശപ്രകാരം ലോറൻസ് ബിഷ്ണോയ് കൊലപാതകത്തിന് കോൺട്രാക്‌ട് കൊടുത്തുവെന്നാണ് പറഞ്ഞത്. സ്വർണാഭരണങ്ങൾ പിടിച്ചുവാങ്ങിയ ശേഷം പിന്നീട് വഴിയിൽ ഉപേക്ഷിച്ചു." -ഐ.ടി ഉടമയുടെ പരാതിയിൽ പറയുന്നു.