ന്യൂഡൽഹി: നാളുകളായി രാജ്യത്തെ ആശങ്കപ്പെടുത്തുന്ന വ്യാജ ബോംബ് ഭീഷണിയിൽപ്പെട്ട്

കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ട വിമാനവും. ഇന്നലെ വൈകിട്ട് അഞ്ചിന് പുറപ്പെടേണ്ടിയിരുന്ന കൊച്ചി- ബംഗളൂരു അലയൻസ് എയർ വിമാനം ഭീഷണിയെ തുട‌ർന്ന് അര മണിക്കൂറോളം വൈകി. യാത്രക്കാരെയും ലഗേജുകളും ഉൾപ്പടെ പരിശോധിച്ചു. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലെ യാത്രക്കാരെയും വിമാനക്കമ്പനികളെയും അന്വേഷണ ഏജൻസികളെയും പ്രതിസന്ധിയിലാക്കി തിങ്കളാഴ്ച മുതൽ ഇന്നലെ വരെ 70 വ്യാജ ബോംബ് ഭീഷണികളാണുണ്ടായത്. ഇന്നലെ മാത്രം 30ൽപ്പരം ഭീഷണികൾ. രാജ്യാന്തര സർവീസുകളെ അടക്കം ഇത് താറുമാറാക്കി. എയർ ഇന്ത്യ,​ഇൻഡിഗോ,ആകാശ എയർ,​വിസ്‌താര,​സ്‌പൈസ് ജെറ്റ്,​സ്റ്റാർ എയർ,​അലയൻസ് എയർ വിമാനങ്ങൾക്ക് നേരെയായിരുന്നു സമൂഹ മാദ്ധ്യമമായ എക്‌സ് മുഖേനയുള്ള ഭീഷണി. ബോംബ് വച്ചിട്ടുണ്ടെന്ന് ഉദയ്‌പൂർ - മുംബയ് വിമാനത്തിന്റെ ടോയ്‌ലെറ്റിൽ പേപ്പറിൽ എഴുതിവച്ചിരുന്നു. വിസ്‌താരയുടെ അഞ്ച് രാജ്യാന്തര സർവീസുകളെ ഇന്നലെ ഭീഷണി ബാധിച്ചു. ഇൻഡിഗോയുടെ നാല് വിമാനങ്ങളെയും.