
ന്യൂഡൽഹി : കോടതിവിധികളിൽ 'ഹിന്ദുത്വ' എന്ന പദത്തിന് പകരം 'ഭാരതീയ സംവിധാനത്വ' എന്ന് ഉപയോഗിക്കണമെന്ന ഹർജി വിമർശനത്തോടെ സുപ്രീംകോടതി തള്ളി. ജുഡിഷ്യൽ പ്രക്രിയയുടെ ദുരുപയോഗമാണിതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് വിമർശിച്ചു. വാദം പറയാൻ തുടങ്ങിയ ഹർജിക്കാരനായ ഡൽഹി വികാസ്‌പുരി സ്വദേശി ഡോ.എസ്.എൻ. കുന്ദ്രയെ കോടതി തടഞ്ഞു. ഹർജി സ്വീകരിക്കില്ലെന്ന് കടുത്ത നിലപാടെടുത്തു. 1995ൽ ശിവസേനാ നേതാവ് ബാൽ താക്കെറെയുടെ പ്രസംഗങ്ങളുമായി ബന്ധപ്പെട്ട കേസിൽ ഹിന്ദുത്വ 'ജീവിതരീതി' ആണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.