d

ന്യൂഡൽഹി : മികച്ച സിവിൽ സ‌ർവീസ് ഉദ്യോഗസ്ഥരെ വാർത്തെടുക്കുകയെന്ന ഉദ്ദ്യേശത്തോടെ ആരംഭിച്ച കർമ്മയോഗി മിഷന്റെ ഭാഗമായി 'കർമ്മയോഗി സപ്‌താഹ്' എന്നു പേരിട്ട ദേശീയ പഠനവാരത്തിന് ഇന്നലെ തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിലെ ഡോ. അംബേദ്കർ ഇന്റർനാഷണൽ സെന്ററിലായിരുന്നു ചടങ്ങ്. 2047ൽ വികസിത ഭാരതം എന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കുന്നതിന്റെ ഭാഗമായാണിതെന്ന് മോദി പറഞ്ഞു. ഈ ലക്ഷ്യത്തിലേക്കുള്ള യാത്രയെ പഠനവാരം സഹായിക്കും.

രാജ്യവികസനത്തിനായി മനുഷ്യവിഭവശേഷി സൃഷ്‌ടിക്കാനാണ് ശ്രമം. നൂതനമായ ചിന്തകൾ ആവശ്യമാണ്. സ്റ്റാ‌ർട്ടപ്പുകൾ, ഗവേഷണ ഏജൻസികൾ, യുവജനങ്ങൾ എന്നിവർ ഇതിനായി മുന്നിട്ടിറങ്ങണം. സിവിൽ സർവീസ് പരിശീലന കേന്ദ്രങ്ങൾ ആഗോളതലത്തിലെ മികച്ച പഠനരീതികളെ സ്വീകരിക്കണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ശരിയായ ഉപയോഗം വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.