
ന്യൂഡൽഹി: വയനാട് ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരെബി.ജെ.പി സ്ഥാനാർത്ഥിയായി മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നവ്യ ഹരിദാസ് മത്സരിക്കും. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ പാലക്കാട് നിയമസഭാ മണ്ഡലത്തിലും തിരുവില്വാമല പഞ്ചായത്തംഗം കെ.ബാലകൃഷ്ണൻ ചേലക്കരയിലും മത്സരിക്കും. ഇന്നലെ ഡൽഹിയിൽ ചേർന്ന ബി.ജെ.പി പാർലമെന്ററി ബോർഡ് യോഗത്തിലാണ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചത്.
നവ്യഹരിദാസ്
ഹൈദരാബാദ് എച്ച്.എസ്.ബി.സിയിലെ സോഫ്റ്റ്വെയർ എൻജിനീയർ ജോലി രാജിവച്ച് 2015 ൽ കോഴിക്കോട് കോർപ്പറേഷനിലെ കാരപ്പറമ്പ് വാർഡിൽ ബി.ജെ.പി സ്ഥാനാർത്ഥി. സ്കൂൾ പഠനം തൊണ്ടയാട് ചിന്മയ വിദ്യാലയത്തിൽ. കെ.എം.സി.ടി എൻജിനീയറിംഗ് കോളേജിൽ നിന്ന് ബി.ടെക്. ബി.ജെ.പി ജില്ലാ സെക്രട്ടറിയായിരുന്നു. 2015ലും 2020ലും കാരപ്പറമ്പ് ഡിവിഷനിൽ നിന്ന് വിജയം. 2021 ൽ കോഴിക്കോട് സൗത്ത് നിയമസഭാ മണ്ഡലത്തിൽ മത്സരിച്ച് 20.84 ശതമാനം വോട്ട് നേടി.
സി.കൃഷ്ണകുമാർ
പരേതരായ സി.കൃഷ്ണനുണ്ണിയുടെയും ലീലാകൃഷ്ണന്റെയും മകൻ. പാലക്കാട് മോയൻ എൽ.പി.എസ്, പി.എം.ജി.എച്ച്.എസ്, വിക്ടോറിയ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം . 1984ൽ ആർ.എസ്.എസിലൂടെ എ.ബി.വി.പിയിലേക്ക്. വിക്ടോറിയ കോളേജ് യൂണിറ്റ് സെക്രട്ടറി, പാലക്കാട് നഗര പരിഷത്ത് കൺവീനർ, ജില്ലാ കൺവീനർ, യുവമോർച്ച മണ്ഡലം പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, ജില്ലാ പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചു. ദേശീയ സമിതിയംഗം, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി, ബി.ജെ.പി ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി പദവികളും വഹിച്ചു. 2000 -2020 വരെ നഗരസഭാ കൗൺസിലർ. 2005-10 വരെ നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ. 2010- 2015ൽ നഗരസഭാ വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ. 2015-20 ൽ നഗരസഭ വൈസ്ചെയർമാൻ.
കെ.ബാലകൃഷ്ണൻ
തിരുവില്വാമല പഞ്ചായത്ത് അംഗം. മുൻപ് വൈസ് പ്രസിഡന്റ്. ബി.ജെ.പി ചെറുതുരുത്തി മണ്ഡലം ജനറൽ സെക്രട്ടറി. കൂടാരംകുന്ന് വീട്ടിൽ വേശയുടെ ഏക മകൻ. 2000 മുതൽ പാർട്ടിയുടെ സജീവ പ്രവർത്തകൻ. 2015 മുതൽ വാർഡ് മെമ്പർ.