ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ സി.ആർ.പി.എഫ് സ്‌കൂളിന് സമീപമുണ്ടായ സ്ഫോടനം നഗരത്തിൽ ഭീതിവിതച്ചു. ഡൽഹിയിലെങ്ങും അതീവ ജാഗ്രത പ്രഖ്യാപിച്ചു. പൊട്ടിയത് നാടൻ ബോംബാണെന്നാണ് പ്രാഥമിക നിഗമനം.
രോഹിണി സെക്‌ടർ 14ലെ പ്രശാന്ത് വിഹാർ മേഖലയിലുള്ള സ്കൂളിന്റെ മതിലിനോട് ചേർന്ന് ഇന്നലെ രാവിലെ 7.45ഓടെയായിരുന്നു സ്പോടനം. ആളപായമില്ല. മതിലിന് ചെറിയ കേടുപാടുണ്ടായി. സമീപത്തെ കടയുടെ ഗ്ലാസുകളും പാർക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലും തകർന്നു. കടയുടെ ബോർഡും തകർന്നു.
ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അന്വേഷണം തുടങ്ങി. സ്ഥലം പൊലീസ് സീൽ ചെയ്‌തു. എൻ.എസ്.ജി, ദേശീയ ദുരന്തനിവാരണ സേന എന്നിവയെ വിന്യസിച്ചു.
മതിലിനോട് ചേർന്ന അഴുക്കുചാലിലാണോ ബോംബ് വച്ചതെന്നും പരിശോധിക്കുന്നു. സംഭവ സ്ഥലത്തു നിന്ന് ലഭിച്ച വെള്ള പൊടി ഫോറൻസിക് പരിശോധനയ്‌ക്ക് അയച്ചു. വലിയ ശബ്‌ദത്തോടെയാണ് സ്ഫോടനമുണ്ടായതെന്ന് പരിസരവാസികൾ പറഞ്ഞു. ദുർഗന്ധമുള്ള കറുത്ത പുക ആകാശത്തുയർന്നു. ഫോറൻസിക് പരിശോധനയ്‌ക്ക് ശേഷമേ നിഗമനത്തിൽ എത്താനാകൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
ഒഴിവായത് വൻദുരന്തം
തിരക്കില്ലാതിരുന്നതിനാൽ വൻ ദുരന്തമൊഴിവായി. ഞായറാഴ്‌ച ആയതിനാൽ സ്‌കൂളിനും അവധിയായിരുന്നു. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ ഏഴുമണിയോടെ തിരക്ക് അനുഭവപ്പെടുന്ന മേഖലയാണിത്.
ദീപാവലിയോടനുബന്ധിച്ച് നഗരത്തിൽ തിരക്കു കൂടുന്നതിനാൽ സ്‌ഫോടനം പൊലീസിനും തലവേദനയായി. മാർക്കറ്റുകളിൽ പൊലീസ് സുരക്ഷ ശക്തമാക്കി.
രാജ്യതലസ്ഥാനത്തെ ക്രമസമാധാന തകർച്ചയ്ക്ക് കാരണം കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയാണെന്ന് ഡൽഹി മുഖ്യമന്ത്രി അതിഷി ആരോപിച്ചു. വെടിവയ്‌പും, പട്ടാപ്പകൽ ഗുണ്ടാസംഘങ്ങളുടെ അഴിഞ്ഞാട്ടവും അടക്കം 1990-കളിലെ മുംബയ് അധോലോക കാലഘട്ടം പോലെയാണ് ഡൽഹിയെന്നും അവർ പറഞ്ഞു.