e

ന്യൂഡൽഹി: നവംബർ 20ന് നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ 99 അംഗ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, സംസ്ഥാന പാർട്ടി അദ്ധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ തുടങ്ങിയവർ പട്ടികയിലുണ്ട്. 288 അംഗ നിയമസഭയിൽ ബി.ജെ.പി 160 സീറ്റുകളിലാകും മത്സരിക്കുക. ഏകനാഥ് ഷിൻഡെയുടെ ശിവസേനയ്ക്ക് 85-90 സീറ്റുകളും അജിത് പവാറിന്റെ എൻ.സി.പിക്ക് 50 സീറ്റുകളും ലഭിച്ചേക്കാം. 2009 മുതൽ പ്രതിനിധീകരിക്കുന്ന നാഗ്പൂർ വെസ്റ്റ് അസംബ്ലി സീറ്റിലാണ് ഫഡ്‌നാവിസ് ഇക്കുറിയും മത്സരിക്കുന്നത്. ബി.ജെ.പിയുടെ ശക്തികേന്ദ്രമായ നാഗ്പൂരിൽ നിന്നാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ലോക്‌സഭാംഗമായതും. ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ ആറ് നിയമസഭാ മണ്ഡലങ്ങളിൽ നാലെണ്ണം ബി.ജെ.പിയുടെ കൈവശമാണ്. ആദ്യ പട്ടികയിൽ 13 വനിത, ആറ് പട്ടികവർഗ്ഗ, നാല് പട്ടികജാതി സ്ഥാനാർത്ഥികളുമുണ്ട്. നിരവധി സിറ്റിംഗ് എം.എൽ.എമാർക്ക് ടിക്കറ്റ് ലഭിച്ചു.

സീറ്റ് ചർച്ചകൾ

സജീവം

തിരഞ്ഞെടുപ്പിന് ഒരു മാസം ശേഷിക്കെ, ഭരണകക്ഷിയായ മഹായുതി സഖ്യവും പ്രതിപക്ഷ മഹാ വികാസ് അഘാഡിയും ഘടകകക്ഷികൾക്കിടയിൽ സീറ്റ് ചർച്ചകൾ ശക്തമാക്കി. സീറ്റ് വിഭജന ചർച്ച അവസാന ഘട്ടത്തിലാണെന്ന് ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ഏക്‌നാഥ് ഷിൻഡെ കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

അതേസമയം മഹാവികാസ് അഘാഡിയിൽ ശിവസേനയും (ഉദ്ധവ്) കോൺഗ്രസും സീറ്റ് വിഭജന ചർച്ചകൾ തുടരുകയാണ്. കഴിഞ്ഞ ദിവസം എ.ഐ.സി.സി ചുമതലയുള്ള രമേശ് ചെന്നിത്തല ശിവസേന തലവൻ ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.