a

 പിന്നാലെ രാഷ്ട്രീയ പോര്

ന്യൂഡൽഹി: അയോദ്ധ്യ തർക്ക കേസിൽ തീരുമാനത്തിലെത്തും മുമ്പ് ദൈവത്തോട് നിരന്തരം പ്രാർത്ഥിച്ചിരുന്നെന്ന ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ പരാമർശം രാഷ്ട്രീ പോരിന് വഴിതുറന്നു. കോൺഗ്രസും സമാജ്‌വാദി പാർട്ടിയും ചീഫ് ജസ്റ്റിനെ വിമർശിച്ചു. ഭരണഘടനാ പദവിയിലിരിക്കുന്നവരെ അനാദരിക്കുന്നത് ഇവരുടെ സ്ഥിരം പരിപാടിയെന്നായിരുന്നു ബി.ജെ.പി പ്രതികരണം.

ഞായറാഴ്ച തന്റെ സ്വന്തം ഗ്രാമമായ മഹാരാഷ്ട്രയിലെ കൻഹെർസാറിലെ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്. ചില കേസുകളിൽ വിധി എങ്ങനെ വേണമെന്നതിൽ തീരുമാനത്തിലെത്താൻ കഴിയാതെ ബുദ്ധിമുട്ടിയിട്ടുണ്ട്. അത്തരം സാഹചര്യം അയോദ്ധ്യ കേസിലുമുണ്ടായി. മൂന്നു മാസത്തോളം കേസ് ഫയൽ എന്റെ മുന്നിലുണ്ടായിരുന്നു. ഞാൻ ദേവന്റെ മുന്നിലും. വഴി മനസിൽ തെളിച്ചു തരാനായിരുന്നു പ്രാർത്ഥനയെന്നും ചന്ദ്രചൂഡ് വെളിപ്പെടുത്തി. പ്രസംഗം വൈറലായി.

മറ്റു വിഷയങ്ങളിലും ഇതുപോലെ പ്രാർത്ഥിച്ചിരുന്നുവെങ്കിൽ സാധാരണ ജനത്തിന് നീതി ലഭിക്കുമെന്നായിരുന്നു കോൺഗ്രസിലെ ഡോ. ഉദിത് രാജിന്റെ പരിഹാസം. മരിച്ചവർക്ക് ജീവൻവച്ചാൽ പ്രേതമായി മാറി പൊതുജനത്തെ വേട്ടയാടുമെന്ന് സമാജ്‌വാദി പാർട്ടി നേതാവ് രാംഗോപാൽ യാദവ് പ്രതികരിച്ചു. വിവാദമായപ്പോൾ,​ ബഹ്റൈച്ച് അക്രമത്തെ കുറച്ചാണ് പറഞ്ഞതെന്ന് മലക്കംമറിഞ്ഞു. പ്രധാനമന്ത്രിക്കെതിരെ മോശം ഭാഷ ഉപയോഗിച്ചവർ ഇപ്പോൾ ചീഫ് ജസ്റ്റിസിനെ അവഹേളിക്കുകയാണെന്ന് ബി.ജെ.പി വക്താവ് ഷെഹ്സാദ് പൂനാവാല തിരിച്ചടിച്ചു.

ചരിത്ര വിധി

2019 നവംബർ ഒൻപതിന് അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ചരിത്രവിധി പുറപ്പെടുവിച്ചപ്പോൾ ബെഞ്ചിലെ അംഗമായിരുന്നു ചന്ദ്രചൂഡ്. വിധിയെഴുതിയത് ഏത് ജഡ്‌ജിയെന്ന് വ്യക്തമാക്കിയിരുന്നില്ല. ഒറ്രക്കെട്ടായ വിധിയായിരിക്കണമെന്ന് തീരുമാനിച്ചിരുന്നതായി ചന്ദ്രചൂഡ് പിന്നീട് വെളിപ്പെടുത്തി.