a

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട മാനനഷ്‌ടക്കേസിൽ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അഹമ്മദാബാദിലെ കോടതിയിൽ ഹാജരായേ തീരൂ. അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേട്ട് കോടതിയുടെ സമൻസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്.വി.എൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. ആംആദ്മി നേതാവും രാജ്യസഭാ എം.പിയുമായ സഞ്ജയ് സിംഗിന്റെ സമാന ഹർജി കഴിഞ്ഞ ഏപ്രിലിൽ തള്ളിയത് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, കേജ്‌രിവാളിന്റെ ആവശ്യത്തിലും ഇടപെടാനാകില്ലെന്ന് നിലപാടെടുത്തു.

ഗുജറാത്ത് സർവകലാശാലയാണ് കേജ്‌രിവാളിനും സഞ്ജയ് സിംഗിനുമെതിരെ മാനനഷ്‌ടക്കേസ് സമർപ്പിച്ചത്. സർവകലാശാലയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ പ്രഥമദൃഷ്‌ട്യാ കഴമ്പുണ്ടെന്ന് അഹമ്മദാബാദിലെ കോടതി കണ്ടെത്തിയിരുന്നു.