d

ന്യൂഡൽഹി : മദ്രസകൾ അടച്ചു പൂട്ടണമെന്ന നിലപാടെടുത്ത ദേശീയ ബാലാവകാശ കമ്മിഷനോട് ചോദ്യങ്ങളുമായി സുപ്രീംകോടതി. മതവിദ്യാഭ്യാസവും നിയമപ്രകാരമുള്ള സൗജന്യ നിർബന്ധിത വിദ്യാഭ്യാസവും കൂട്ടിക്കുഴയ്ക്കരുതെന്ന് കമ്മിഷൻ വാദിച്ചപ്പോൾ, എല്ലാ മതങ്ങളോടും സമാന നിലപാടാണോയെന്ന് കോടതി തിരിച്ചു ചോദിച്ചു.

എല്ലാ സമുദായങ്ങളുടെയും മതപാഠശാലകൾക്ക് പൊതുവായി സർക്കുലറോ മാർഗരേഖയോ ഇറക്കിയിട്ടുണ്ടോ ? മദ്രസയിലെ സിലബസിനെ കുറിച്ച് കമ്മിഷൻ പഠനം നടത്തിയോയെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ആരാഞ്ഞു. ഉത്തർപ്രദേശിലെ മദ്രസ വിദ്യാഭ്യാസ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി നടപടിക്കെതിരെ സമർപ്പിച്ച ഹർജികളിൽ വാദം കേൾക്കുകയായിരുന്നു കോടതി. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പരിധിയിൽ മദ്രസകളില്ലെന്നും, അവിടെ പഠിക്കുന്ന കുട്ടികൾക്ക് സ്‌കൂളുകളിലെ ഔപചാരിക വിദ്യാഭ്യാസം നിഷേധിക്കപ്പെടുകയാണെന്നും കമ്മിഷൻ അറിയിച്ചിരുന്നു. വാദമുഖങ്ങൾ പൂർത്തിയായതിനെ തുടർന്ന് വിധി പറയാൻ മാറ്റി.

മതങ്ങളുടെ

സംഗമഭൂമി

ഇന്ത്യ സംസ്‌കാരങ്ങളുടെയും മതങ്ങളുടെയും സംഗമ ഭൂമിയാണെന്നും, അതിനെ സംരക്ഷിക്കേണ്ടതാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. മതപാഠശാലകൾ മുസ്ലിം സമുദായത്തിന് മാത്രമല്ല, മറ്റു മതങ്ങൾക്കുമുണ്ട്. വേദപാഠശാലകളുമുണ്ട്. മുസ്ലീങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുകയാണ് യു.പിയിലെ നിയമത്തിന്റെ ലക്ഷ്യം. അത്തരം മതപാഠശാലകളെ നിയന്ത്രിക്കാൻ നിയമം കൊണ്ടുവന്നാൽ അതിൽ എന്താണ് തെറ്റ് ? അങ്ങനെ നിയമം കൊണ്ടുവരാൻ സർക്കാരിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.

മതേതര തത്വങ്ങൾക്ക് എതിരാണ് അലഹബാദ് ഹൈക്കോടതിയുടെ വിധിയെന്ന് ഹർജിക്കാർ ചൂണ്ടിക്കാണിച്ചപ്പോൾ, ജീവിക്കുക, ജീവിക്കാൻ അനുവദിക്കുകയെന്നതാണ് മതേതരത്വത്തിന്റെ അർത്ഥമെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പ്രതികരിച്ചു. ഉത്തർപ്രദേശിലെ മദ്രസ വിദ്യാഭ്യാസ നിയമം പൂർണമായി കമ്മിഷൻ റദ്ദാക്കേണ്ട കാര്യമില്ലായിരുന്നുവെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജ് അഭിപ്രായപ്പെട്ടു. മൗലികാവകാശം നിഷേധിക്കുന്ന വ്യവസ്ഥകൾ മാത്രം ഹൈക്കോടതിക്ക് റദ്ദാക്കിയാൽ മതിയായിരുന്നുവെന്നും കൂട്ടിച്ചേർത്തു.