d

ന്യൂഡൽഹി: വഖഫ് ബോർഡ് ബില്ലിന്റെ സൂക്ഷ്‌മ പരിശോധന നടത്തുന്ന സംയുക്ത പാർലമെന്ററി സമിതി യോഗത്തിൽ ബി.ജെ.പി എം.പിമാരുമായുള്ള വാക്കു തർക്കത്തിനിടെ വെള്ളക്കുപ്പി അടിച്ചുടച്ച തൃണമൂൽ എം.പി കല്യാൺ ബാനർജിക്ക് പരിക്ക്. അച്ചടക്ക ലംഘനം ആരോപിച്ച് അദ്ദേഹത്തെ ഒരു ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്‌തു.

ഊഴം തെറ്റിച്ച് സംസാരിക്കാൻ എഴുന്നേറ്റ കല്യാൺ ബാനർജിയെ ബി.ജെ.പി എം.പി ഗംഗോപാദ്ധ്യായ തടഞ്ഞതാണ് പ്രകോപനത്തിന് കാരണം. ബംഗാളിൽ നിന്നുള്ള ബി.ജെ.പി എം.പി അഭിജിത് ഗാംഗുലിയും കല്യാൺ ബാനർജിയുമായി തുടർന്ന് രൂക്ഷമായ വാക്കേറ്റമുണ്ടായി. ഇതിനിടെ കല്യാൺ ബാനർജി മേശപ്പുറത്തു വച്ച വെള്ളക്കുപ്പി അടിച്ചുടച്ചു. ചില്ലു പൊട്ടി അദ്ദേഹത്തിന്റെ വലതു പെരുവിരൽ മുറിയുകയും ചെയ്‌തു. കുപ്പിയുടെ ഒരു ഭാഗം അദ്ദേഹം അദ്ധ്യക്ഷനുനേരെ എറിഞ്ഞു. ഇതോടെ യോഗം നിറുത്തിവച്ചു. എം.പിമാരും മറ്റ് ജീവനക്കാരും ചേർന്ന് എം.പിയെ പാർലമെന്റ് ക്ളിനിക്കിൽ കൊണ്ടുപോയി.

കൈയിൽ നാലു തുന്നലുമായാണ് കല്യാൺ ബാനർജിയും പ്രതിപക്ഷ എം.പിമാരും തിരിച്ചെത്തിയത്. സമിതി അദ്ധ്യക്ഷൻ ജഗദാംബിക പാലിനെതിരെ സംസാരിച്ചതിനും പൊട്ടിയ കുപ്പി എറിഞ്ഞതിനും കല്യാൺ ബാനർജിയെ ഒരു ദിവസത്തേക്കും രണ്ടു സിറ്റിംഗിലേക്കും സസ്പെൻഡ് ചെയ്തു. ഇതിനായി ബി.ജെ.പി എം.പി നിഷികാന്ത് ദുബെ കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിച്ച് 9 പേരും എതിർത്ത് എട്ട് പേരും വോട്ടു ചെയ്‌തു. ഒഡീഷയിൽ നിന്നുള്ള ജസ്റ്റിസ് ഇൻ റിയാലിറ്റി, പഞ്ചസഖ പ്രചാര് എന്നിവരുടെ പ്രതിനിധികളിൽ നിന്ന് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കേൾക്കാനായിരുന്നു ഇന്നലത്തെ സിറ്റിംഗ്. മുസ്ളിം ലീഗ് എംപി പ്രതിനിധി സംഘം ബില്ലിനെക്കുറിച്ചുള്ള കാഴ്ചപ്പാട് അവതരിപ്പിച്ചു.