e

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരം ഡൽഹി സ്‌കൂളുകളിൽ ആറു മുതൽ എട്ടുവരെ ക്ളാസുകളിൽ പത്തു ദിവസം ബാഗ് രഹിതമാക്കും. ആ ദിവസങ്ങളിൽ ചെയ്യേണ്ട കാര്യങ്ങൾ വിശദമാക്കി സംസ്ഥാന വിദ്യാഭ്യാസ ഡയറക്‌ടറേറ്റ് മാർഗരേഖ ഇറക്കി. ബാഗ് ഇല്ലാത്ത ദിവസങ്ങളിൽ വിദ്യാർത്ഥികൾക്ക് ചരിത്ര സ്മാരകങ്ങൾ, സാംസ്കാരിക സ്ഥലങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്ക് ട്രിപ്പുകൾ നടത്തണം. കലാകാരന്മാർ, കരകൗശല വിദഗ്ദ്ധർ തുടങ്ങിയവരെ പരിചയപ്പെടാനും വ്യത്യസ്ത ആശയങ്ങളും പരമ്പരാഗത വിവരങ്ങളും മനസിലാക്കാനും പത്തു ദിവസം പ്രയോജനപ്പെടുത്തണമെന്ന് മാർഗനിർദ്ദേശത്തിൽ പറയുന്നു. ഡൽഹിയിൽ നേരത്തെ നടപ്പാക്കിയ ഹാപ്പിനസ് കരിക്കുലം മാതൃക തുടരണം.

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നാഷണൽ കൗൺസിൽ ഒഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എൻ.സി.ഇ.ആർ.ടി) ആണ് മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കിയത്. 6-8 ക്ലാസുകളിൽ പത്ത് ബാഗില്ലാ ദിനങ്ങൾ നടപ്പാക്കാൻ ഇക്കഴിഞ്ഞ ജൂലായിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശിച്ചിരുന്നു. പുസ്തകവിജ്ഞാനവും പ്രായോഗിക അറിവും തമ്മിലുള്ള അതിരുകൾ കുറയ്‌ക്കാനും തൊഴിൽ മേഖലകളിലെ നൈപുണ്യ പരിശീലനം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണിത്. 6-8 ക്ലാസുകളിൽ ഓരോ വിദ്യാർത്ഥിയും രസകരമായ ചെറു കോഴ്‌സുകളും ചെയ്യണം. മരപ്പണി, ഇലക്ട്രിക് വർക്ക്, മെറ്റൽ വർക്ക്, ഗാർഡനിംഗ്, മൺപാത്ര നിർമ്മാണം തുടങ്ങിയവയിൽ പരിശീലനം നേടണമെന്നും വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശിച്ചിരുന്നു.