
ന്യൂഡൽഹി : ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമാകുന്നതിനിടെ, പ്രധാന കാരണങ്ങളിലൊന്നായ പാടം കത്തിക്കൽ അവസാനിപ്പിക്കുന്നതിൽ കേന്ദ്രവും ഹരിയാന-പഞ്ചാബ് സർക്കാരുകളും നിഷ്ക്രിയമെന്ന് സുപ്രീംകോടതി.
ഇത് കാരണം പരിസ്ഥിതി സംരക്ഷണ നിയമതിതന്റെ പല്ലുകൊഴിഞ്ഞെന്ന് ജസ്റ്റിസുമാരായ അഭയ് എസ്. ഓക,അഹ്സാനുദ്ദിൻ അമാനുള്ള, അഗസ്റ്രിൻ ജോർജ് മസീഹ് എന്നിവരുടെ ബെഞ്ച് വിമർശിച്ചു.
കേന്ദ്രം നിയമഭേദഗതി കൊണ്ടുവന്ന് ശിക്ഷയ്‌ക്ക് പകരം പിഴയാക്കി. അതുപോലും കാര്യക്ഷമമായി നടപ്പാക്കുന്നില്ല. ചട്ടങ്ങൾ രൂപീകരിച്ചില്ല. അതിനാൽ നിയമലംഘകർ രക്ഷപ്പെടുന്നു. വായു മലിനീകരണവും പാടം കത്തിക്കലും തടയുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്ക് ഷോകോസ് നോട്ടീസ് അയച്ച് മിണ്ടാതിരിക്കുകയാണ് എയർ ക്വാളിറ്റി മാനേജ്മെന്റ് കമ്മിഷൻ. പാടം കത്തിക്കുന്നവർക്കെതിരെ ഹരിയാന-പഞ്ചാബ് സർക്കാരുകൾ പ്രോസിക്യൂഷൻ നടപടിയെടുക്കുന്നില്ലെന്നും വിമർശിച്ചു. 10 ദിവസത്തിനകം ചട്ടങ്ങൾ അന്തിമമാക്കുമെന്ന് കേന്ദ്രത്തിന് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി ഉറപ്പുനൽകി.
നഷ്‌ടപരിഹാരം ഈടാക്കാത്തതെന്ത് ?
പാടം കത്തിക്കുന്നവരിൽ നിന്ന് എയർ ക്വാളിറ്റി മാനേജ്മെന്റ് കമ്മിഷൻ പരിസ്ഥിതി നഷ്‌ടപരിഹാരം ഈടാക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. എന്തുകൊണ്ട് നഷ്‌ടപരിഹാരം നിശ്ചയിക്കുന്നില്ല ? ഇതിനായി ചട്ടങ്ങൾ രൂപീകരിക്കണം. രണ്ടാഴ്ചയും അനുവദിച്ചു.
ശുദ്ധവായുവിനുള്ള മൗലികാവകാശം ലംഘിക്കുന്നു
പാടംകത്തിക്കൽ ശുദ്ധവായുവിനുള്ള മൗലികാവകാശം ലംഘിക്കുന്നുവെന്ന് കോടതി പറഞ്ഞു. മലിനീകരണ മുക്ത അന്തരീക്ഷത്തിൽ ജീവിക്കാൻ പൗരന്മാർക്ക് അവകാശമുണ്ട്. മലിനീകരണം തടയാനുള്ള നടപടികൾ വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിക്കണം. നവംബർ നാലിന് വീണ്ടും പരിഗണിക്കും.
ഗുരുതര വിഭാഗത്തിൽ
ഡൽഹിയിൽ വായു നിലവാര സൂചിക (എയർ ക്വാളിറ്റി ഇൻഡക്‌സ്) പലയിടത്തും 400 കടന്നു. ഇതു ഗുരുതര വിഭാഗമാണ്. ആശുപത്രികളിൽ ശ്വാസകോശ രോഗങ്ങളുമായി വരുന്നവർ 15% കൂടി. ഇതിനിടെ, ബി.ജെ.പിയും ആംആദ്മിയും രാഷ്ട്രീയപോര് തുടരുന്നു.