
ന്യൂഡൽഹി: മഹാ വികാസ് അഘാഡിയിൽ ഏതാനും സീറ്റുകളിൽ തർക്കം തുടരുന്നതിനിടെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 65 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ച് ശിവസേന (ഉദ്ധവ്) വിഭാഗം. ഉദ്ധവ് താക്കറെയുടെ മകനും യുവ നേതാവുമായ ആദിത്യ താക്കറെ മുംബയ് വർളിയിൽ മത്സരിക്കും. 14 സിറ്റിംഗ് എം.എൽ.എമാരും നിരവധി യുവനേതാക്കളും പട്ടികയിൽ ഇടം നേടി. കോപ്രി പാച്ച് പഖ്ഡി നിയമസഭാ മണ്ഡലത്തിൽ മത്‌സരിക്കുന്ന ശിവസേന(ഷിൻഡെ) നേതാവും മുഖ്യമന്ത്രിയുമായ ഏക‌്നാഥ് ഷിൻഡെക്കെതിരെ കേദാർ ദിഗെയെ സ്ഥാനാർത്ഥിയാക്കി.
നൂറ് സീറ്റ് ആവശ്യപ്പെട്ട്
ശിവസേന(ഉദ്ധവ്) വിഭാഗം നൂറ് സീറ്റിൽ അധികം ചോദിക്കുന്നതിനാൽ മഹാ വികാസ് അഘാഡി മുന്നണിയുടെ സീറ്റ് ധാരണ നീളുകയാണ്. 270 ഓളം സീറ്റുകളിൽ ധാരണയായിട്ടുണ്ട്. ഇതു പ്രകാരം കോൺഗ്രസ് 105-110 സീറ്റുകളിലും ഉദ്ധവ് താക്കറെയുടെ ശിവസേന 90-95 സീറ്റുകളിലും ശരദ് പവാറിന്റെ എൻ.സി.പി 75-80 സീറ്റുകളിലും മത്സരിക്കുമെന്നാണ് റിപ്പോർട്ട്. തർക്കമുള്ള അഞ്ചു സീറ്റുകളുടെ കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനമെടുക്കും.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 13 സീറ്റുകൾ നേടിയതിനാലാണ് കോൺഗ്രസിന് സീറ്റു ചർച്ചയിൽ മുൻതൂക്കം ലഭിച്ചത്. ഉദ്ധവ് വിഭാഗം 120-125 സീറ്റുകളാണ് ആദ്യം ആവശ്യപ്പെട്ടത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി 124ൽ മത്സരിച്ചിരുന്നു. തങ്ങൾ കഴിയുന്നത്ര സീറ്റുകളിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഉദ്ധവ് വിഭാഗം വക്താവ് ആനന്ദ് ദുബെ പറഞ്ഞു. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തെ ജനം ഇഷ്‌ടപ്പെടുന്നുവെന്നും അത് മുന്നണിക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബി.ജെ.പി, ശിവസേനയും (ഷിൻഡെ), അജിത് പവാറിന്റെ എൻ.സി.പി എന്നിവയടങ്ങിയ മഹായുതി സഖ്യവും സീറ്റ് ചർച്ചകൾ തുടരുകയാണ്. ബി.ജെ.പി 152-155 സീറ്റുകളിലും ശിവസേന 78-80 സീറ്റുകളിലും എൻ.സി.പി 52-54 സീറ്റുകളിലും മത്സരിച്ചേക്കും.