
ന്യൂഡൽഹി: നവംബറിൽ നടക്കുന്ന ഗോവ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ 'കൺട്രി ഓഫ് ഫോക്കസ്” വിഭാഗത്തിൽ ആസ്ട്രേലിയയിൽ നിന്നുള്ള ഏഴ് സിനിമകൾ പ്രദർശിപ്പിക്കും. ആസ്ട്രേലിയൻ നിർമ്മാതാക്കളും സ്‌ക്രീൻ ആസ്‌ട്രേലിയ, സ്റ്റേറ്റ് സ്‌ക്രീൻ കമ്മിഷനുകൾ, ഓസ്‌ഫിലിം എന്നിവയുടെ പ്രതിനിധികളും മേളയ്‌ക്കെത്തും. ഇരു രാജ്യങ്ങളിലെയും ചലച്ചിത്ര പ്രവർത്തകർക്ക് സംവദിക്കാനുള്ള ആസ്‌ട്രേലിയൻ കോ-പ്രൊഡക്ഷൻ ഡേ, ഇന്ത്യ-ആസ്‌ട്രേലിയ ചലച്ചിത്ര വ്യവസായ സഹകരണം വിഷയമാക്കി പാനൽ ചർച്ച, അക്കാഡമി അവാർഡ് ജേതാവായ ആസ്ട്രേലിയൻ ഛായാഗ്രാഹകൻ ജോൺ സീൽ നയിക്കുന്ന മാസ്റ്റർ ക്ലാസ് തുടങ്ങിയവയുമുണ്ടാകും.