ന്യൂഡൽഹി: കേന്ദ്ര സർക്കാർ അടിയന്തര നടപടികൾ കൈക്കൊള്ളുമ്പോഴും വിമാന സർവീസുകൾക്കെതിരെയുള്ള വ്യാജ ബോംബ് ഭീഷണി തുടരുന്നു. ഇന്നലെ കൊച്ചിയിലും തിരുവനന്തപുരത്തുമടക്കം 95 വിമാനങ്ങൾക്ക് ഭീഷണി ലഭിച്ചു. ഇവയെല്ലാം എക്‌സിലെ ഒരു അക്കൗണ്ടിൽ നിന്നാണെന്ന് തിരിച്ചറിഞ്ഞ് അവഗണിക്കാൻ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബി.സി.എ.എസ്) നിർദ്ദേശിച്ചു.
25 ആകാശ് എയർ വിമാനങ്ങൾക്കും 20 വീതം എയർ ഇന്ത്യ, ഇൻഡിഗോ, വിസ്താര വിമാനങ്ങൾക്കും സ്‌പൈസ് ജെറ്റ്, അലയൻസ് എയർ കമ്പനികളുടെ അഞ്ചു വീതം വിമാനങ്ങൾക്കുമടക്കം ബോംബ് ഭീഷണി ലഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇതോടെ 10 ദിവസത്തിനിടെ ബോംബ് ഭീഷണികൾ 270 കടന്നു.
കൊച്ചിയിൽ ആറ് വിമാനങ്ങൾക്കാണ് ഭീഷണിയുണ്ടായത്. രണ്ട് രാജ്യാന്തര സർവീസുകൾക്കും നാല് ആഭ്യന്തര സർവീസുകൾക്കും. ഇവയെല്ലാം പുറപ്പെട്ടശേഷമാണ് ഭീഷണിയെത്തിയത്. എയർ ഇന്ത്യയുടെ ലണ്ടൻ വിമാനം, വിസ്താരയുടെ മുംബയ് വിമാനം ഇൻഡിഗോയുടെ ഹൈദരാബാദ്, ബംഗളൂരു വിമാനങ്ങൾ, ആകാശ് എയറിന്റെ മുംബയ് വിമാനം, സ്‌പൈസ് ജെറ്റിന്റെ ദുബായ് വിമാനത്തിനുമായിരുന്നു ഭീഷണി. ഇവയെല്ലാം സുരക്ഷിതമായി ലക്ഷ്യസ്ഥാനങ്ങളിൽ ഇറങ്ങി. തിരുവനന്തപുരത്ത് വിസ്താര എയർലൈൻസിന്റെ മുംബയ് വിമാനത്തിനാണ് ഭീഷണിയുണ്ടായത്. വിമാനം പുറപ്പെട്ട ശേഷമായിരുന്നു ഭീഷണി സന്ദേശമെത്തിയത്.