
ന്യൂഡൽഹി: സുപ്രീംകോടതിയിലെ നീതിദേവതയിൽ വരുത്തിയ മാറ്റങ്ങളിൽ പ്രമേയം പാസാക്കി സുപ്രീംകോടതി ബാർ അസോസിയേഷൻ. നീതിനിർവഹണ സംവിധാനത്തിന്റെ ഭാഗമായ തങ്ങളുമായി കൂടിയാലോചിക്കാതെ ഏകപക്ഷീയമായാണ് നടപടിയെടുത്തിരിക്കുന്നത്. മാറ്റങ്ങൾക്ക് പിന്നിലെ യുക്തി സംബന്ധിച്ച് അസോസിയേഷന് ഒരു സൂചനയുമില്ലെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. സുപ്രീംകോടതിയിലെ ജഡ്ജസ് ലൈബ്രറിയിൽ സ്ഥാപിച്ച പുതിയ നീതിദേവതയ്ക്കിപ്പോൾ തുറന്ന കണ്ണുകളാണ്. ശിൽപത്തിന്റെ കണ്ണിലെ കെട്ടഴിച്ചിരുന്നു. ഇടതുകൈയിൽ വാളിന് പകരം ഇന്ത്യൻ ഭരണഘടനയാണ്. കോടതി വളപ്പിലെ അതീവ സുരക്ഷാ മേഖലയിൽ പുതിയ മ്യൂസിയം നിർമ്മിക്കുന്നതിനെതിരെയും പ്രമേയം പാസാക്കി. പകരം ലൈബ്രറിയും കഫെറ്റീരിയയും ഒരുക്കണമെന്ന് ആവശ്യപ്പെട്ടു. മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് നിലവിൽ ബാർ അസോസിയേഷൻ പ്രസിഡന്റ്.