
ന്യൂഡൽഹി: സുപ്രീംകോടതി നിർദ്ദേശം ലംഘിച്ച് ഉത്തർപ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ ബുൾഡോസർ പ്രയോഗം തുടരുന്നുവെന്ന കോടതിയലക്ഷ്യഹർജി തള്ളി. നാഷണൽ ഫെഡറേഷൻ ഒഫ് ഇന്ത്യൻ വിമൻ സംഘടന സമർപ്പിച്ച ഹർജിയിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. ബുൾഡോസർ നടപടി ബാധിച്ചവർ സമീപിക്കട്ടെയെന്ന നിലപാട് ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, പ്രശാന്ത് കുമാർ മിശ്ര, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് സ്വീകരിച്ചു. അപ്പോൾ കോടതി പരിശോധിക്കും. നേരിട്ടോ അല്ലാതെയോ സംഘടനയെ ബാധിക്കുന്ന വിഷയമല്ല. ഇത് അനുവദിച്ചു കൊടുത്താൽ ഹർജികളുടെ ഒഴുക്കുണ്ടാകുമെന്ന് കോടതി കൂട്ടിച്ചേർത്തു. പത്രവാർത്തകളുടെ മാത്രം അടിസ്ഥാനത്തിലുള്ള ഹർജിയെന്ന് ഉത്തർപ്രദേശ് സർക്കാരിന് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജ് ചൂണ്ടിക്കാട്ടി. നടപ്പാത കൈയേറ്റം ഒഴിപ്പിച്ച വിഷയമാണെന്നും വ്യക്തമാക്കി. കേസുകളിൽ പ്രതിയാകുന്നവരുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തുന്നുവെന്ന ഒരുകൂട്ടം ഹർജികളിൽ സുപ്രീംകോടതി വിധി പറയാൻ മാറ്റിയിരിക്കുകയാണ്. കോടതിയുടെ മുൻകൂർ അനുമതി നേടാതെ ഇത്തരം പൊളിച്ചുനീക്കലുകൾ പാടില്ലെന്ന് സെപ്‌തംബർ 17ന് ഇടക്കാല ഉത്തരവിറക്കിയിരുന്നു.