deelo

ന്യൂഡൽഹി: ഡൽഹിയിൽ വായു മലിനീകരണം കൊവിഡിനേക്കാൾ വിനാശകരമെന്ന് മുൻ എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ. ഡൽഹിയിൽ വായു നിലവാര സൂചിക (എയർ ക്വാളിറ്റി ഇൻഡക്‌സ്) വളരെ മോശം വിഭാഗത്തിൽ തുടരുന്നതിനിടെയാണ് പ്രതികരണം. 2021ലെ ഹെൽത്ത് ഇഫക്‌ട്സിന്റെ റിപ്പോർട്ടിൽ ലോകത്ത് എട്ടു ദശലക്ഷം ആൾക്കാരാണ് വായു മലിനീകരണം കാരണം മരിച്ചത്. ഇത് കൊവിഡ് മരണനിരക്കിനേക്കാൾ കൂടുതലാണ്. വായു മലിനീകരണം നേരിടാൻ കാര്യക്ഷമമായ നടപടികൾ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനിടെ,​ അന്തരീക്ഷത്തിൽ പുകമഞ്ഞ് രൂപപ്പെടുന്നതും സ്ഥിതി രൂക്ഷമാക്കുകയാണ്.

 മുഖ്യമന്ത്രിക്ക് ലെഫ്.ഗവർണറുടെ കത്ത്

അതിനിടെ, പിരിച്ചുവിട്ട സിവിൽ ഡിഫൻസ് വോളന്റിയർമാരെ വായു മലിനീകരണം തടയാനുള്ള ദൗത്യത്തിന് നിയോഗിക്കാവുന്നതാണെന്ന് വ്യക്തമാക്കി ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ.സക്‌സേന മുഖ്യമന്ത്രി അതിഷിക്ക് കത്തയച്ചു. നവംബർ ഒന്നു മുതൽ ഫെബ്രുവരി അവസാനം വരെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടു. ഡൽഹി ട്രാൻസ്‌പോർട്ട് കോർപറേഷൻ ബസുകളിലെ സുരക്ഷയ്‌ക്കായി നിയമിച്ചിരുന്ന ബസ് മാർഷലുകളെയാണ് പിരിച്ചുവിട്ടിരുന്നത്. ഇതിന്റെ പേരിൽ ലെഫ്റ്രനന്റ് ഗവർണറുടെ വസതിക്ക് മുന്നിൽ പിരിച്ചുവിടപ്പെട്ടവരും, ആം ആദ്മി പാർട്ടി നേതാക്കളും പ്രതിഷേധമുയർത്തിയിരുന്നു. ലെഫ്റ്റനന്റ് ഗവർണർ വഴങ്ങിയെന്നും പിരിച്ചുവിട്ടവരെ സിവിൽ ഡിഫൻസ് വോളന്റിയർമാരായി ഉപയോഗിക്കുമെന്നും ഡൽഹി സർക്കാ‌ർ പ്രതികരിച്ചു.

 പടക്കവിൽപന പാടില്ല

ഡൽഹിയിൽ പടക്ക നിർമ്മാണം, വിൽപന, സംഭരണം, പൊട്ടിക്കൽ എന്നിവ 2025 ജനുവരി ഒന്നു വരെ വിലക്കി മലിനീകരണ നിയന്ത്രണ സമിതി ഉത്തരവിറക്കിയിരുന്നു. ഈ നിർദ്ദേശം പാലിക്കപ്പെടണമെന്ന നിലപാടിലാണ് ഡൽഹി ഹൈക്കോടതി. പടക്കവിൽപ്പനയിൽ നിന്ന് വിട്ടുനിൽക്കണമെന്ന് വിൽപനകേന്ദ്ര ഉടമകൾക്ക് കർശന നിർദ്ദേശം നൽകി. ഡൽഹി ഫയർ വർക്‌സ് ഷോപ്പ് കീപ്പേഴ്സ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിൽ ഇടപെടാൻ തയ്യാറായില്ല. പടക്കം സൂക്ഷിച്ചിരിക്കുന്ന കെട്ടിടങ്ങൾ സീൽ ചെയ്യാനും ഉത്തരവിട്ടു. ദീപാവലി അടുത്തിരിക്കെയാണ് നടപടി.