
കെ.സി. വേണുഗോപാലിനെതിരെ ബി.ജെ.പി
ന്യൂഡൽഹി: അദാനി ഗൂപ്പിന്റെ വിവാദ വിദേശ നിക്ഷേപങ്ങളിൽ പങ്കാളിത്തമുണ്ടെന്ന ഹിൻഡൻബെർഗ് റിപ്പോർട്ടി
ൽ അന്വേഷണം നടത്തുന്ന പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ (പി.എ.സി) മുന്നിൽ സെബി ചെയർപേഴ്‌സൺ മാധബി പുരി ബുച്ച് ഇന്നലെ ഹാജരായില്ല. എന്നാൽ മാധബി ബുച്ചിനെ വിളിപ്പിച്ചത് അടക്കം പി.എ.സി അദ്ധ്യക്ഷനും കോൺഗ്രസ് എംപിയുമായ കെ.സി. വേണുഗോപാൽ ഏകപക്ഷീയമായ തീരുമാനങ്ങൾ എടുക്കുന്നെന്ന് എൻ.ഡി.എ അംഗങ്ങൾ ലോക്‌സഭാ സ‌്‌പീക്കർക്ക് പരാതി നൽകി.
സെബി അദ്ധ്യക്ഷയുടെ മൊഴിയെടുക്കാനാണ് ഇന്നലെ പി.എ. സി യോഗം നിശ്‌ചയിച്ചത്. പാർലമെന്റിൽ കമ്മിറ്റി യോഗം തുടങ്ങിയപ്പോൾ മാധബി ബുച്ച് എത്തില്ലെന്നും യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റുകയാണെന്നും കെ.സി. വേണുഗോപാൽ അറിയിച്ചു. രണ്ടുമണിക്കൂർ മുൻപ് മാത്രം അറിയിച്ചത് പി.എ.സിയോടുള്ള അവഹേളനമാണെന്ന് പ്രതിപക്ഷ അംഗങ്ങൾ ചൂണ്ടിക്കാട്ടി. എൻ.ഡി.എ അംഗങ്ങൾ എതിർത്തു. തർക്കം മൂത്തതോടെ വേണുഗോപാൽ യോഗം പിരിച്ചുവിട്ടു.
തങ്ങളുടെ അഭിപ്രായങ്ങൾ പറയാൻ വേണുഗോപാൽ അനുവദിച്ചില്ലെന്നും സെബി മേധാവിയെ വിളിപ്പിച്ച തീരുമാനം രാഷ്ട്രീയപരമാണെന്നും രവിശങ്കർ പ്രസാദ് മാദ്ധ്യമങ്ങളോട് പറഞ്ഞു.