
നവംബർ 11ന് ചുമതലയേൽക്കും
ന്യൂഡൽഹി : ജസ്റ്റിസ് സഞ്ജീവ് ഖന്ന രാജ്യത്തിന്റെ 51-ാമത് ചീഫ് ജസ്റ്റിസായി നവംബർ 11ന് ചുമതലയേൽക്കും. സുപ്രീംകോടതിയിലെ രണ്ടാമത്തെ മുതിർന്ന ജഡ്‌ജിയായ അദ്ദേഹത്തെ ചീഫ് ജസ്റ്റിസായി നിയമിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു ഇന്നലെ വിജ്ഞാപനമിറക്കി.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നവംബർ 10ന് വിരമിക്കും. സഞ്ജീവ് ഖന്നയെ നിർദ്ദേശിച്ച് ചന്ദ്രചൂഡ് നേരത്തെ കേന്ദ്രസർക്കാരിന് ശുപാർശ അയച്ചിരുന്നു. 2025 മേയ് 13വരെ കാലാവധിയുണ്ടാകും.183 ദിവസം. 2019 ജനുവരിയിലാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീംകോടതി ജഡ്‌ജിയാകുന്നത്.
1960 മേയ് 14ന് ഡൽഹിയിലാണ് ജനനം. ഡൽഹി സർവകലാശാലയിൽ നിന്ന് നിയമബിരുദം നേടി. 1983ൽ അഭിഭാഷകനായി എൻറോൾ ചെയ്‌തു. 2005 ജൂൺ 24ന് ഡൽഹി ഹൈക്കോടതി ജഡ്‌ജിയായി. അവിടെ നിന്ന് സ്ഥാനക്കയറ്രത്തിലൂടെ സുപ്രീംകോടതി ജഡ്‌ജി.
ജമ്മു കാശ്‌മീരിന് പ്രത്യേക പദവി നൽകിയ അനുച്ഛേദം 370 റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടി ശരിവച്ചത്, മദ്യനയക്കേസിൽ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ജാമ്യം അനുവദിച്ചത് ഉൾപ്പെടെ 117ൽപ്പരം വിധിന്യായങ്ങളുടെ ഭാഗമായി. അച്‌ഛൻ ഡൽഹി ഹൈക്കോടതി ജഡ്‌ജിയായിരുന്ന ദേവ്‌രാജ് ഖന്ന.