
ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ ദെംചോക്ക്, ദെപ്‌സാങ് സമതലം എന്നീ സംഘർഷ മേഖലകളിൽ നിന്ന് ഇന്ത്യയും ചൈനയും സേനാ പിന്മാറ്റം തുടങ്ങി. 28-29നകം സേനാ പിന്മാറ്റം പൂർത്തിയാക്കും. ശേഷം 2020 ഏപ്രിലിൽ നിറുത്തിവച്ച പട്രോളിംഗ് പുനരാരംഭിക്കുമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. 2020 ലെ ഏറ്റുമുട്ടലിന് ശേഷം നിലനിൽക്കുന്ന സംഘർഷം പരിഹരിക്കാനുള്ള കരാറിന്റെ അടിസ്ഥാനത്തിൽ യഥാർത്ഥ നിയന്ത്രണ രേഖയ്‌ക്ക് ഇരുവശത്തും നിർമ്മിച്ച ടെന്റുകൾ,ഷെഡുകൾ തുടങ്ങിയ താത്‌കാലിക നിർമ്മിതികൾ പൊളിച്ചു തുടങ്ങി.
പട്രോളിംഗ് പുനരാരംഭിക്കും
സേനാ പിൻമാറ്റം ദെംചോക്ക്, ദെപ്‌സാംങ് സമതലം എന്നിവിടങ്ങളിൽ മാത്രം. ഇവിടെ 2020 ഏപ്രിൽ വരെയുണ്ടായിരുന്ന പട്രോളിംഗ് പുനരാരംഭിക്കും. ഇതു സംബന്ധിച്ച് ഇരുവിഭാഗവും ആശയവിനിമയവും നിരീക്ഷണവും നടത്തും. ഗ്രൗണ്ട് കമാൻഡർമാരുടെ യോഗങ്ങൾ തുടരും.
ഏറ്റുമുട്ടലുകൾ ഒഴിവാക്കാൻ ഇരു രാജ്യങ്ങളും പട്രോളിംഗ് ഏകോപിപ്പിക്കും. ഷെഡ്യൂളുകൾ പങ്കിടും. ഒരു പട്രോളിംഗ് ടീമിൽ 14-15 സേനാംഗങ്ങൾ.
ഫലം കണ്ടത് റഷ്യയുടെ ഇടപെടൽ
സേനകളെ പിൻവലിച്ച് പട്രോളിംഗ് പുനരാരംഭിക്കാൻ ചൈനയുമായി കരാറിലെത്തിയെന്ന് 21 നാണ് ഇന്ത്യ പ്രഖ്യാപിച്ചത്. കഴിഞ്ഞ ആഗസ്റ്റിൽ തുടങ്ങിയ ചർച്ചകളിൽ റഷ്യയുടെ ഇടപെടൽ നിർണായകമായെന്നാണ് സൂചന. കഴിഞ്ഞ ദിവസം റഷ്യയിലെ കസാനിൽ ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗുമായി നടത്തിയ കൂടിക്കാഴ്ചയിൽ തർക്കങ്ങൾ പരിഹരിക്കാനുള്ള നടപടികൾ ചർച്ച ചെയ്തു. കരാറിനെ ഇരുവരും സ്വാഗതം ചെയ്തു.