
ന്യൂഡൽഹി: വൈദഗ്ദ്ധ്യമുള്ള ഇന്ത്യക്കാർക്കായി ജർമ്മൻ തൊഴിൽ വിപണി വാതിൽ തുറന്നിട്ടതായി ജർമ്മൻ ചാൻസലർ ഒലാഫ് സ്കോൾസ്. ഹരിത ഹൈഡ്രജൻ സംരംഭത്തിൽ ഇന്ത്യയുടെ പങ്കാളിയായി ജർമ്മനിക്ക് സുപ്രധാന പങ്ക് വഹിക്കാനാകുമെന്നും ചാൻസലർ ഷോൾസ് പറഞ്ഞു. ഇന്ത്യാ സന്ദർശനത്തിനെത്തിയ ജർമ്മൻ ചാൻസലർ ഒലാഫ് സ്കോൾസും പ്രധാനമന്ത്രി നരേന്ദ്രമോദിയും കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും 18 ധാരണാപത്രങ്ങളിൽ ഒപ്പിട്ടു.
നിർണായക സാങ്കേതികവിദ്യകൾ, നൈപുണ്യ വികസനം എന്നിവയിൽ ഇരുരാജ്യങ്ങളും സഹകരണത്തിന് രൂപം നൽകി. ഇതുവഴി നിർമ്മിത ബുദ്ധി, സെമികണ്ടക്ടർ, ശുദ്ധ ഊർജ്ജം തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തും. പരിസ്ഥിതി സൗഹൃദ ഹരിത ഹൈഡ്രജൻ സംരംഭങ്ങളിലും സഹകരിക്കും. ഭീകരപ്രവർത്തനം അടക്കം കുറ്റകൃത്യങ്ങൾ തടയാനും രഹസ്യ രേഖകളുടെ കൈമാറ്റത്തിനും ധാരണാപത്രമുണ്ടാക്കി. ഇന്ത്യയുടെ യുവപ്രതിഭകൾ ജർമ്മനിയുടെ പുരോഗതിക്കും സമൃദ്ധിക്കും സംഭാവന ചെയ്യുന്നുവെന്ന് മോദി പറഞ്ഞു. ഇന്ത്യയ്ക്കായി ജർമ്മനി പുറത്തിറക്കിയ വൈദഗ്ദ്ധ്യ തൊഴിൽ നയം സ്വാഗതം ചെയ്യുന്നു. ഇന്ത്യ ഹരിത ഹൈഡ്രജന്റെ ആഗോള കേന്ദ്രമാണെന്നും ജർമ്മനി അതിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നുവെന്നും സ്കോൾസ് പറഞ്ഞു.
യുക്രെയ്നിലെയും പശ്ചിമേഷ്യയിലെയും സംഘർഷങ്ങൾ ഉൾപ്പെടെയുള്ള ആഗോള പ്രശ്നങ്ങളും ഇരു നേതാക്കളും ചർച്ച ചെയ്തു. നയതന്ത്ര പരിഹാരങ്ങളുടെ ആവശ്യകത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി മോദി, യുദ്ധം പരിഹാരമല്ലെന്ന് ചൂണ്ടിക്കാട്ടി. രഹസ്യ വിവരങ്ങളുടെ കൈമാറ്റം സംബന്ധിച്ച കരാർ സഹകരണത്തിൽ പുതിയ ചുവടുവയ്പ്പാണെന്ന് അദ്ദേഹം പറഞ്ഞു. പരസ്പര നിയമ സഹായ ഉടമ്പടി ഭീകരവിരുദ്ധ നടപടികൾക്ക് കൂടുതൽ കരുത്ത് പകരും. ഇരു നേതാക്കളും ഏഴാം ഇന്ത്യ-ജർമ്മൻ അന്തർ സർക്കാർ കൂടിയാലോചന സമ്മേളനത്തിനും 18-ാമത് ഏഷ്യ-പസഫിക് കോൺഫറൻസിലും പങ്കെടുത്തു.
ഭീകരവിരുദ്ധ ഓപ്പറേഷൻ
ഒപ്പിട്ട പ്രധാന കരാറുകൾ
ഭീകരവിരുദ്ധ ഓപ്പറേഷൻ അടക്കം ക്രിമിനൽ കാര്യങ്ങളിൽ പരസ്പര നിയമ സഹായ ഉടമ്പടി
രഹസ്യ വിവരങ്ങളുടെ(ക്ലാസിഫൈഡ്) കൈമാറ്റവും സംരക്ഷണവും
ഇന്തോ-ജർമ്മൻ ഗ്രീൻ ഹൈഡ്രജൻ റോഡ് മാപ്പ്
നവീകരണവും സാങ്കേതികവിദ്യയും സംബന്ധിച്ച ധാരണ
തൊഴിൽ മേഖലയിലെ സഹകരണം
നൂതന സാമഗ്രികളുടെ ഗവേഷണത്തിലും വികസനത്തിലും സംയുക്ത സഹകരണം
ഇന്തോ-ജർമ്മൻ ഗ്രീൻ അർബൻ മൊബിലിറ്റി പങ്കാളിത്തം
 നൈപുണ്യ വികസനം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, പരിശീലനം എന്നീ മേഖലകളിലെ സഹകരണം
 ഡ്യുവൽ ഡിഗ്രി പ്രോഗ്രാമിനായി ഡ്രെസ്ഡൻ യൂണിവേഴ്സിറ്റിയും ഐ.ഐ.ടി മദ്രാസും കരാറിൽ ഒപ്പുവച്ചു