dfrfr

ന്യൂഡൽഹി : ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമാകുന്നതിനിടെ, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശങ്ങൾ നൽകി പൊതുജനാരോഗ്യ സർവീസസ് ഡയറക്‌ടർ ജനറൽ ഡോ. അതുൽ ഗോയൽ. വായു മലിനീകരണം കാരണം പൊതുജനത്തിനുണ്ടാകുന്ന ബുദ്ധിമുട്ടുകൾ നേരിടാൻ ആരോഗ്യവകുപ്പ് നടപടികൾ ഊർജ്ജിതമാക്കണം. ആരോഗ്യസംരക്ഷണ സൗകര്യങ്ങളുടെ കാര്യക്ഷമതയും, ആരോഗ്യപ്രവർത്തകരുടെ എണ്ണവും വർദ്ധിപ്പിക്കണം. മാദ്ധ്യമങ്ങളിലൂടെ അടക്കം ബോധവത്ക്കരണം നടത്തണമെന്നും നിർദ്ദേശിച്ചു. വായു നിലവാര സൂചിക മോശമായി നിൽക്കുന്ന സമയത്ത് ജനങ്ങൾ പുറത്തേക്കിറങ്ങുന്നത് ഒഴിവാക്കണമെന്നും അഭ്യർത്ഥിച്ചു.

 2.4 കോടി അനുവദിച്ചു

വായു മലിനീകരണം തടയാനുള്ള നടപടികൾക്കായി ഡൽഹി മുനിസിപ്പൽ കോർപറേഷൻ 2.4 കോടി രൂപ അനുവദിച്ചു. ഇന്നലെയും രാജ്യതലസ്ഥാനത്ത് വളരെ മോശം വിഭാഗത്തിലായിരുന്നു വായു നിലവാര സൂചിക (എയർ ക്വാളിറ്റി ഇൻഡക്‌സ്). പ്രശ്‌നം രൂക്ഷമായ 13 ഹോട്ട്‌സ്‌പോട്ടുകളിൽ ഡ്രോൺ നിരീക്ഷണം നടത്താൻ ഡൽഹി സർക്കാർ തീരുമാനിച്ചു.

 പ്രഭാത നടത്തം ദുഷ്‌കരം

പ്രഭാത നടത്തം ഒഴിവാക്കാൻ ഡോക്‌ടർ നി‌ർദ്ദേശിച്ചിരിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു. സുപ്രീംകോടതി വളപ്പിൽ മാദ്ധ്യമപ്രവർത്തകരെ അനൗദ്യോഗികമായി കണ്ടപ്പോഴാണ് പ്രതികരണം.