d

ന്യൂഡൽഹി: മഹാവികാസ് അഘാഡിയിലെ സീറ്റ് ധാരണ പ്രകാരം മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 39 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. 23 സ്ഥാനാർത്ഥികളുടെ രണ്ടാം പട്ടികയാണ് ഇന്നലെ ആദ്യം പുറത്തിറക്കിയത്.

അവശേഷിക്കുന്ന സീറ്റുകളിലെ സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ ഇന്നലെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ചർച്ച നടത്തി. പിന്നാലെ 16 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കുകയായിരുന്നു. ആദ്യം 48 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. 87 സ്ഥാനാർത്ഥികളിൽ 25 പേർ സിറ്റിംഗ് എം.എൽ.എമാരാണ്.

23സ്ഥാനാർത്ഥികളിൽ കൈലാഷ് ഗോരന്ത്യാൽ(ജൽന), മുൻ എം.എൽ.എ സുനിൽ കേദാറിന്റെ ഭാര്യ അനുജ കേദാർ(സാവോനർ), വസന്ത് പുർകെ(റാലെഗാവ്), ജിതേന്ദ്ര(അർണി),കാലു ബധേലിയ(മുംബൈയ് കാന്തിവാലി), ഗണേഷ് യാദവ്(സിയോൺ കോളിവാഡ), യശ്വന്ത് സിംഗ്(ചാർകോപ്പ്) തുടങ്ങിയ പ്രമുഖരുണ്ട്. കാംപ്തിയിൽ സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെയ്‌ക്കെതിരെ സുരേഷ് ഭോയാർ മത്സരിക്കും. വാർധയിൽ മുൻ നിയമസഭാ സ്പീക്കർ പ്രമോദ് ഷെൻഡെയുടെ മകൻ ശേഖർ ഷെൻഡെയാണ് സ്ഥാനാർത്ഥി. ജൽനയിൽ കൈലാഷ് ഗോരന്ത്യാലിനെ നിലനിറുത്തിയപ്പോൾ സാവോനറിൽ മുൻ എം.എൽ.എ സുനിൽ കേദാറിന്റെ ഭാര്യ അനുജ കേദാറിനെ സ്ഥാനാർത്ഥിയാക്കി. സുനിൽ ബാങ്ക് അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് കേദാർ ആറ് വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അയോഗ്യനായിരുന്നു. റാലെഗാവിൽ 2019-ൽ പരാജയപ്പെട്ട മുതിർന്ന നേതാവ് വസന്ത് പുർക്കെയെ വീണ്ടും പരിഗണിച്ചു.

സഖ്യം ഒറ്റക്കെട്ട്: രമേശ്

എം.വി.എ സഖ്യം ഒറ്റക്കെട്ടാണെന്നും വിജയം ഉറപ്പാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മഹാരാഷ്ട്രയിലെ ജനങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരുമിച്ച് പോരാടും. അഴിമതി സർക്കാരിനെ പുറത്താക്കാൻ ജനങ്ങൾ തയ്യാറാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നിയമസഭാ തിരഞ്ഞെടുപ്പിൽ എം.വി.എ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പി.സി.സി അദ്ധ്യക്ഷൻ നാനാ പടോലെ പറഞ്ഞു. എം.വി.എ തൂത്തുവാരാൻ ഒരുങ്ങുകയാണെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും പറഞ്ഞു.

മുന്നറിയിപ്പുമായി എസ്.പി

എം.വി.എയിൽ ധാരണയുണ്ടായില്ലെങ്കിൽ ഒറ്റയ്‌ക്ക് 20-25 സ്ഥാനാർത്ഥികളെ നിറുത്തുമെന്ന് സമാജ്‌വാദി പാർട്ടി. എസ്.പി അടക്കം പാർട്ടികൾക്കായി 18 സീറ്റുകൾ മാറ്റിവച്ചെന്ന് പ്രഖ്യാപിച്ചെങ്കിലും ചർച്ചകളിൽ തീരുമാനമായിട്ടില്ല. കോൺഗ്രസ് നൂറിലധികം സീറ്റുകളിൽ നോട്ടമിടുന്നുണ്ട്.