ന്യൂഡൽഹി / തിരുവനന്തപുരം: നമ്മുടെ രാജ്യത്ത് ഡിജിറ്റൽ അറസ്റ്റ് എന്നൊരു സംവിധാനമേ ഇല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട തട്ടിപ്പിന് ഇരയാകാതിരിക്കാൻ ബോധവത്‌കരണം അനിവാര്യമെന്നും മൻ കി ബാത്തിൽ മോദി പറഞ്ഞു.

അന്വേഷണ ഏജൻസികൾ എന്ന വ്യാജേന ഡിജിറ്റൽ അറസ്റ്റ് ഭീഷണിമുഴക്കി കോടികൾ തട്ടിയെടുക്കുന്ന സൈബർ കുറ്റകൃത്യത്തിനെതിരെ ജാഗ്രത പുലർത്തണം.

ഒരു സർക്കാർ ഏജൻസിയും വീഡിയോ കോൾ വഴി ചോദ്യംചെയ്യുകയോ ഭീഷണിപ്പെടുത്തുകയോ ഇല്ല, പണം ആവശ്യപ്പെടുന്ന സംവിധാനവും ഇല്ല. സി.ബി.ഐ പോലുള്ള ഏജൻസികളുടെ പേരിൽ ഓഡിയോ / വീഡിയോ കോൾ വന്നാൽ പരിഭ്രാന്തരാകരുത്. ഡിജിറ്റൽ സുരക്ഷയുടെ മൂന്ന് ഘട്ടങ്ങൾ ഓർമ്മിക്കണം. സംയമനം പാലിക്കുക, ചിന്തിക്കുക, നടപടി എടുക്കുക.

സ്വകാര്യ വിവരങ്ങൾ ആർക്കും നൽകരുത്. മൊബൈൽകോളിന്റെ സ്ക്രീൻഷോട്ട് എടുക്കണം. ഓഡിയോ /വീഡിയോ റെക്കോർഡ് ചെയ്യണം. വിവരം ഉടനേ കുടുബത്തെയും പൊലീസിനെയും അറിയിക്കണം. തെളിവുകൾ സൂക്ഷിക്കണം. cybercrime.gov.in-ൽ റിപ്പോർട്ട് ചെയ്യണം - പ്രധാമന്ത്രി പറഞ്ഞു.

പണം നഷ്‌ടമായാൽ ഇതു മറക്കരുത്

 ദേശീയ സൈബർ ഹെൽപ്‌ലൈനായ 1930 ൽ ഉടൻ വിളിക്കണം. അവിടെനിന്നു ലഭിക്കുന്ന കേസ് നമ്പരുമായി സൈബർ പൊലീസ് സ്റ്റേഷനിൽ എത്തണം.

പൊലീസ് ബാങ്കുമായി ബന്ധപ്പെട്ട് തട്ടിപ്പ് അക്കൗണ്ട് ബ്ലോക്ക് ചെയ്യും. തൃശൂരിലെ ഡോക്ടറുടെ 20 ലക്ഷം തിരിച്ചുപിടിച്ചിരുന്നു.

കേന്ദ്ര നടപടികൾ

ദേശീയ സൈബർ കോ-ഓർഡിനേഷൻ സെന്റർ സ്ഥാപിച്ചു. തട്ടിപ്പുകാരുടെ ആയിരക്കണക്കിന് വീഡിയോ കോൾ ഐഡികൾ, സിം കാർഡുകൾ, മൊബൈൽ ഫോണുകൾ, ബാങ്ക് അക്കൗണ്ടുകൾ എന്നിവ ബ്ലോക്ക് ചെയ്‌തു.

 ബോധവത്കരണം

ഇരകളായവർ പരമാവധി ആളുകളോട് പറയണം. ബോധവൽക്കരണത്തിന് ഹാഷ്‌ടാഗ് # SafeDigitalIndia ഉപയോഗിക്കാം. വിദ്യാർത്ഥികളെയും ഭാഗമാക്കണം.

എല്ലാവരുടെയും പ്രയത്നത്തിലൂടെ മാത്രമേ തട്ടിപ്പിനെ നേരിടാനാവൂ.

--പ്രധാനമന്ത്രി നരേന്ദ്രമോദി

ഉന്നം സ്ത്രീകൾ

കേരളത്തിൽ ഏറെയും സ്ത്രീകൾക്കാണ് പണം നഷ്ടമായത്. ഇരകൾ ഏറെയും വിദേശത്ത് നിന്ന് മടങ്ങിയവർ, ബിസിനസുകാർ, ഡോക്ടർമാർ, റിട്ട.ജീവനക്കാർ, ഐ.ടി ജീവനക്കാർ. ഇക്കൊല്ലം 150 ഓളം തട്ടിപ്പ്. പൊലീസ് ബോധവത്കരണം ആരംഭിച്ചതോടെ പുരുഷന്മാർ ഇരകളാവുന്നത് കുറഞ്ഞു. സ്ത്രീകളെ ഉന്നമിട്ടുള്ള ബോധവത്കരണം ശക്തമാക്കി.

നിക്ഷേപ തട്ടിപ്പ് പുതിയ വില്ലൻ

ഒഹരിയിൽ പണം നിക്ഷേപിക്കാൻ ഉയർന്ന ലാഭിവിഹിതം വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ്. നിക്ഷേപിച്ച് മൂന്നുമാസം വരെ കാത്തിരിക്കും. ലാഭവിഹിതം കിട്ടതാകുമ്പോഴാണ് പരാതിയുമായെത്തുന്നത്. അപ്പോഴേക്കും തട്ടിപ്പുകാർ പണം പിൻവലിച്ചിരിക്കും. അത് തിരിച്ചുപിടിക്കാനുമാകില്ല

`കേരളത്തിൽ ഡിജിറ്റൽ അറസ്റ്റ് കേസുകൾ കുറഞ്ഞു. സ്ത്രീകളിൽ ബോധവത്കരണം എത്തുമ്പോൾ പൂർണമായും തടയാം.'

-ഹരിശങ്കർ, സൈബർ

ഓപ്പറേഷൻസ് എസ്.പി