
ന്യൂഡൽഹി : മുൻ ഉപപ്രധാനമന്ത്രി സർദാർ വല്ലഭ്‌ഭായ് പട്ടേലിന്റെ 150ാം ജന്മവാർഷികത്തിന്റെ ഭാഗമായി ഒക്ടോബർ 29ന് രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന 'റൺ ഫോർ യൂണിറ്റി"യിൽ അണിചേരാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളെ ആഹ്വാനം ചെയ്തു. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലാണിത്. സർദാർ പട്ടേലിന്റെ ജന്മദിനമായ ഒക്ടോബർ 31നാണ് 'ദേശീയ ഏകതാദിനം". ഇത്തവണ ആ ദിവസം ദീപാവലിയാണ്. ഈ സാഹചര്യത്തിലാണ് 29ന് ചടങ്ങ് സംഘടിപ്പിക്കുന്നത്. ഐക്യത്തിന്റെ മന്ത്രത്തോടൊപ്പം, ഫിറ്റ്നസ് മന്ത്രവും പ്രചരിപ്പിക്കണമെന്ന് മോദി അഭ്യർത്ഥിച്ചു. എല്ലാവർക്കും ദീപാവലി, ധൻതേരാസ്, ഛഠ് പൂജ, ഗുരുനാനാക്ക് ജയന്തി ആശംസകൾ നേർന്നു.
ആഗോള ആനിമേഷൻ
പവർ ഹൗസാകണം
ഭാരതത്തെ ആഗോള ആനിമേഷൻ പവർ ഹൗസാക്കി മാറ്റാൻ ദൃഢനിശ്ചയമെടുക്കാമെന്നും മോദി പറഞ്ഞു. ഒക്ടോബർ 28ന് 'ലോക ആനിമേഷൻ ദിനം" ആഘോഷിക്കുന്നു.
രാജ്യത്ത് ആനിമേഷൻ മേഖല വളരുകയാണ്. ഭാരതത്തിലെ യുവജനങ്ങൾ സർഗ്ഗാത്മകത വികസിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കാലാൾപ്പട ദിനം: സൈന്യത്തിന്റെ
ശൗര്യത്തെ പ്രകീർത്തിച്ച് മോദി
ന്യൂഡൽഹി : കാലാൾപ്പട ദിനമായിരുന്ന ഇന്നലെ, സൈന്യത്തിന്റെ ശൗര്യത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകീർത്തിച്ചു. രാജ്യത്തിനായി അക്ഷീണം പ്രവർത്തിക്കുന്ന കാലാൾപ്പടയിലെ എല്ലാ സൈനികരുടെയും വിമുക്തഭടന്മാരുടെയും ധൈര്യത്തെ വണങ്ങുന്നു. ഏത് പ്രതികൂല സാഹചര്യത്തിലും രാജ്യസുരക്ഷയ്ക്കായി സേന ഉറച്ചുനിൽക്കുന്നു. കാലാൾപ്പടയുടെ ശക്തിയും വീര്യവും ഓരോ ഇന്ത്യക്കാരനെയും പ്രചോദിപ്പിക്കുന്നതായും മോദി എക്സിൽ കുറിച്ചു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും സൈനികർക്ക് ആശംസ അർപ്പിച്ചു.ഡൽഹിയിലെ ദേശീയ യുദ്ധ സ്മാരകത്തിൽ സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ, കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി തുടങ്ങിയ ഉന്നത സൈനിക ഉദ്യോഗസ്ഥർ പുഷ്പചക്രം അർപ്പിച്ചു. 1947 ഒക്ടോബർ 27ന് കരസേനയുടെ ആദ്യ ട്രൂപ്പ് ജമ്മു കാശ്മീരിൽ എത്തിയതിന്റെ വാർഷികമാണ് കാലാൾപ്പട ദിനമായി രാജ്യം ആചരിക്കുന്നത്.