
ന്യൂഡൽഹി: സ്വകാര്യത മൗലികാവകാശമായി അംഗീകരിച്ച വിധിക്ക് നിമിത്തമായ ജസ്റ്റിസ് കെ.എസ്. പുട്ടസ്വാമി (98) ബംഗളൂരുവിലെ വസതിയിൽ അന്തരിച്ചു. കർണാടക ഹൈക്കോടതി മുൻ ജഡ്‌ജിയാണ്. ആധാർ കാർഡ് എടുക്കാൻ പൗരന്മാരെ നിർബന്ധിക്കരുതെന്ന് ചൂണ്ടിക്കാട്ടി 2012ലാണ് പുട്ടസ്വാമി സുപ്രീംകോടതിയെ സമീപിച്ചത്. രാജ്യത്തിന്റെ നീതിന്യായ ചരിത്രത്തിലെ ഏറ്റവും പ്രഗത്ഭമായ കേസുകളിലൊന്നായാണ് പുട്ടസ്വാമി കേസ് അറിയപ്പെടുന്നത്.
1977 നവംബറിലാണ് കർണാടക ഹൈക്കോടതി ജഡ്‌ജിയായത്. 1986ൽ വിരമിച്ചു. സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ബംഗളൂരു ബെഞ്ചിൽ വൈസ് ചെയർപേഴ്സണായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ആദ്യ ചെയർമാനായിരുന്നു. ആന്ധ്രയിൽ പട്ടികവിഭാഗ കമ്മിഷൻ അദ്ധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: തായമ്മ. ഒൻപതു മക്കളുണ്ട്.
സ്വകാര്യത മൗലികാവകാശം
ആധാർ നിർബന്ധമാക്കിയതിനെതിരെ പുട്ടസ്വാമി നൽകിയ ഹർജി പരിഗണിക്കവേയാണ് സ്വകാര്യത മൗലികാവകാശമാണോ എന്ന വിഷയം സുപ്രിംകോടതി ഒൻപതംഗ ഭരണഘടനാ ബെഞ്ചിന് വിട്ടതും ചരിത്രവിധിയുണ്ടായതും
അനുച്ഛേദം 21പ്രകാരം ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിൽ സ്വകാര്യതയും ഉൾപ്പെടുമെന്നായിരുന്നു 2017 ഓഗസ്റ്രിലെ വിധി. പിന്നീട് ആധാർ പദ്ധതിയെ 2018 സെപ്‌തംബറിൽ 4:1 ഭൂരിപക്ഷത്തിൽ കോടതി ശരിവച്ചു