a

ന്യൂഡൽഹി : ഡൽഹിയിലെ ഉൾപ്പെടെ വായു മലിനീകരണത്തിന് പാക്കിസ്ഥാനെ കുറ്റപ്പെടുത്തി ഉത്തർപ്രദേശ് മലിനീകരണ നിയന്ത്രണ ബോർഡ് റീജണൽ ഓഫീസറായ ഡി.കെ.ഗുപ്‌ത. ഡൽഹിയോട് ചേർന്നുള്ള ഗ്രേറ്റർ നോയിഡ മേഖലയിലെ മലിനീകരണ നിയന്ത്രണ നടപടികളെടുക്കാൻ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് അദ്ദേഹം. പാക്കിസ്ഥാനിലെ വ്യാപക പാടംകത്തിക്കൽ കാരണം വിഷപ്പുക അതിർത്തിയും കടന്നു വരികയാണെന്നാണ് വിശദീകരണം. ഇന്നലെയും ഡൽഹി ഉൾപ്പെടുന്ന മേഖലയിൽ വളരെ മോശം വിഭാഗത്തിലായിരുന്നു വായു നിലവാര സൂചിക (എയർ ക്വാളിറ്റി ഇൻഡക്‌സ്). പുലർച്ചെ പുകമഞ്ഞ് രൂപപ്പെടുന്നതും പതിവായി. ഡൽഹിയിലെ വായു മലിനീകരണം എല്ലാ വർഷവും ആവർത്തിക്കുന്ന വിഷയമായി മാറിയിരിക്കുകയാണെന്നും, ഉത്തർപ്രദേശിനെ ബാധിച്ചു തുടങ്ങിയെന്നും കേന്ദ്രസർക്കാരിനെ പഴിച്ചുകൊണ്ട് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു.

 നിയമവിരുദ്ധ പടക്ക കച്ചവടം തകൃതി

പടക്കം വിൽപനയും പൊട്ടിക്കലും നിരോധിച്ചിട്ടുണ്ടെങ്കിലും ദീപാവലി അടുത്തതോടെ ഡൽഹിയിൽ നിയമവിരുദ്ധ കച്ചവടം പൊടിപൊടിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. പൊലീസിന്റെ മൂക്കിന് കീഴിലൂടെയാണ് പടക്ക കടത്തെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ ആരോപിച്ചു. നിയമലംഘകർക്കെതിരെ കടുത്ത നടപടിയാവശ്യപ്പെട്ട് ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേനയ്‌ക്ക് കത്തയച്ചു. അതേസമയം, വായു മലിനീകരണ നിയന്ത്രണ നടപടികൾക്കായി 10,000 സിവിൽ ഡിഫൻസ് വോളന്റിയർമാരെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി അതിഷി ചൂണ്ടിക്കാട്ടി.