
ന്യൂഡൽഹി: രാജ്യത്തെ 70 തികഞ്ഞ എല്ലാവർക്കും സാമൂഹിക, സാമ്പത്തിക പരിധിയില്ലാതെ അഞ്ചു ലക്ഷം രൂപ ആരോഗ്യ പരിരക്ഷ നൽകുന്ന ആയുഷ്മാൻ ഭാരത് - പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന ഇൻഷ്വറൻസ് ഇന്ന് പ്രഖ്യാപിക്കും. ധന്വന്തരി ജയന്തി, 9-ാം ആയുർവേദ ദിനം എന്നിവയോടനുബന്ധിച്ച് ഇന്നുച്ചയ്‌ക്ക് 12.30-ന് ന്യൂഡൽഹി അഖിലേന്ത്യാ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രധാനമന്ത്രിയാണ് പ്രഖ്യാപനം നടത്തുക. ആരോഗ്യ മേഖലയിൽ 12,850 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും മോദി നിർവ്വഹിക്കും.
ആറ് കോടി മുതിർന്ന പൗരന്മാരുള്ള , 4.5 കോടി കുടുംബങ്ങൾക്ക് പരിരക്ഷ ലഭിക്കും. പദ്ധതിക്ക് സെപ്‌തംബറിൽ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. കേന്ദ്ര ബഡ്ജറ്റിലെ പ്രഖ്യാപനമാണ്.
ആനുകൂല്യം പങ്കിടേണ്ട
ആയുഷ്മാൻ യോജനയിൽ നിലവിലുള്ള കുടുംബങ്ങളിലെ 70 വയസ് തികഞ്ഞവർക്ക് വർഷം 5 ലക്ഷം രൂപ വരെ അധിക പരിരക്ഷ. ആനുകൂല്യം കുടുംബത്തിലെ മറ്റ് അംഗങ്ങളുമായി പങ്കിടേണ്ടതില്ല
സി.ജി.എച്ച്.എസ്, വിമുക്ത ഭടൻമാർക്കുള്ള ഇ.സി.എച്ച്.എസ്, സി.എ.പി.എഫ് തുടങ്ങിയ മറ്റ് പദ്ധതികളിൽ അംഗമായ 70കഴിഞ്ഞവർക്ക് അവയിൽ തുടരുകയോ പുതിയതിലേക്ക് മാറുകയോ ചെയ്യാം
സ്വകാര്യ ആരോഗ്യ ഇൻഷ്വറൻസ് പോളിസി, ഇ. എസ്.ഐ അംഗങ്ങൾക്കും പുതിയ പദ്ധതിക്ക് അർഹത. മുതിർന്ന പൗരന്മാർക്ക് പ്രത്യേകം ഇൻഷ്വറൻസ് കാർഡ്.
ഉദ്ഘാടനം ചെയ്യുന്ന
മറ്റ് പദ്ധതികൾ
ഇന്ത്യയിലെ ആദ്യത്തെ അഖിലേന്ത്യ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടിന്റെ രണ്ടാം ഘട്ടം, മധ്യപ്രദേശിലെ മൂന്ന് മെഡിക്കൽ കോളേജുകൾ, ബിലാസ്‌പൂർ, കല്യാണി, പട്‌ന, ഗോരഖ്പുർ, ഭോപ്പാൽ, ഗുവാഹാട്ടി, ന്യൂഡൽഹി എയിംസുകളിലെ സേവന വിപുലീകരണം, 11 ഇടത്ത് അടിയന്തര ഡ്രോൺ സേവനങ്ങൾ, വാക്‌സിനേഷൻ പ്രക്രിയ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്ന യു-വിൻ പോർട്ടൽ, നാല് ആയുഷ് സെന്റർ ഒഫ് എക്‌സലൻസ്, ആരോഗ്യ അവബോധം വളർത്താനായി ദേശ് കാ പ്രകൃതി പരിക്ഷൺ അഭിയാൻ.