a

ന്യൂഡൽഹി: മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാല് വനിതകൾ അടക്കം 26 സ്ഥാനാർത്ഥികളുടെ മൂന്നാം പട്ടിക പ്രഖ്യാപിച്ച് ബി.ജെ.പി. ഇതോടെ 288 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബി.ജെ.പി ആകെ 147 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. നന്ദേഡ് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെയും പാർട്ടി പ്രഖ്യാപിച്ചു. കോൺഗ്രസ് എം.പിയായിരുന്ന രവീന്ദ്ര ചവാന്റെ മരണത്തെത്തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നന്ദേഡ് ലോക്‌സഭാ സീറ്റിൽ ഡോ. സന്തുക് മരോത്റാവു ഹംബാർഡെയെയും പ്രഖ്യാപിച്ചു.

പുതിയ പട്ടികയിൽ കരഞ്ജ, അർവി, നാഗ്പൂർ സെൻട്രൽ, അർണി, ഉമർഖേഡ്, ബോറിവ‌്ലി എന്നിവിടങ്ങളിൽ സിറ്റിംഗ് എം.എൽ.എമാരെ മാറ്റി പുതുമുഖങ്ങളെ അവതരിപ്പിച്ചു. അർവിയിൽ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പി.എ സുമിത് വാങ്കഡെയാണ് സ്ഥാനാർത്ഥി. മുൻ പി.എ അഭിമന്യു പവാർ 2019ൽ ഔസയിൽ ജയിച്ചിരുന്നു. സകോളിയിൽ പി.സി.സി അദ്ധ്യക്ഷൻ നാനാ പട്ടോളെയ്‌ക്കെതിരെ അവിനാഷ് ആനന്ദ് റാവു ബ്രഹ്മങ്കറിനെ സ്ഥാനാർത്ഥിയാക്കി.

കോൺഗ്രസിന്റെ നാലാം പട്ടിക

മഹാവികാസ് അഘാഡിയിൽ ചർച്ച പുരോഗമിക്കുന്നതിനിടെ കോൺഗ്രസ് 14 സ്ഥാനാർത്ഥികളടങ്ങിയ നാലാം പട്ടിക പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച ഔറംഗബാദ് ഈസ്റ്റ് സ്ഥാനാർത്ഥി മധുകർ കിഷ്ണറാവു ദേശ്മുഖിന് പകരം ഷെവാലെ, അന്ധേരി വെസ്റ്റിൽ സച്ചിൻ സാവന്തിന് പകരം അശോക് ജാദവ് എന്നിവരുടെ പേരുകൾ അടക്കമാണിത്. ഇതോടെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ എണ്ണം 99 ആയി.