
ആദ്യ സി-295 വിമാനം 2026ൽ
ന്യൂഡൽഹി: ഗുജറാത്തിലെ വഡോദരയിൽ എയർബസിന്റെ സി-295 വിമാനങ്ങൾ നിർമ്മിക്കുന്നതിനുള്ള ടാറ്റ എയർക്രാഫ്റ്റ് കോംപ്ലക്സ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും ചേർന്ന് ഉദ്ഘാടനം ചെയ്തു. സ്വകാര്യ കമ്പനി ഇന്ത്യയിൽ ആദ്യമായി നിർമ്മിക്കുന്ന വിമാനം 2026ൽ പുറത്തിറങ്ങും.
ഇന്ത്യയിൽ സൈനിക വിമാനങ്ങൾക്കായി സ്വകാര്യ മേഖലയിൽ ആരംഭിച്ച ആദ്യത്തെ ഫൈനൽ അസംബ്ലി ലൈൻ (എഫ്.എ.എൽ) ആണിത്. നിർമ്മാണം മുതൽ സംയോജനം, ഡെലിവറി, പരിപാലനം എന്നിവ വരെ ഇവിടെ നടക്കും. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് എന്നീ പൊതുമേഖലാ സ്ഥാപനങ്ങളും എം.എസ്.എം.ഇ കമ്പനികളും പദ്ധതിയുടെ ഭാഗമാണ്.
2022 ഒക്ടോബറിൽ പ്രധാനമന്ത്രി മോദിയാണ് ഫാക്ടറിയുടെ തറക്കല്ലിട്ടത്. 18,000 വിമാന ഭാഗങ്ങൾ ഇന്ത്യലെ എം.എസ്.എം.ഇകളാണ് നിർമ്മിക്കുകയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
56 സി-295
എയർബസുമായുള്ള 21,935 കോടി രൂപയുടെ സി-295 കരാറിലെ 56 വിമാനങ്ങളിൽ 40 എണ്ണമാണ് ഗുജറാത്തിൽ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് നിർമ്മിക്കുക. സ്വകാര്യ കമ്പനി ഇന്ത്യയിൽ ആദ്യമായി നിർമ്മിക്കുന്ന ആദ്യ വിമാനം 2026 സെപ്റ്റംബറിൽ പ്രതീക്ഷിക്കുന്നു. 16 വിമാനങ്ങൾ സ്‌പെയിനിലെ സെവില്ലേ നഗരത്തിലുള്ള എയർബസ് ഡിഫൻസ് ആൻഡ് സ്‌പേസ് കേന്ദ്രത്തിൽ നിർമ്മിച്ച് ഇറക്കുമതി ചെയ്യും.
ഒപ്പിട്ട മറ്റ് ധാരണാപത്രങ്ങൾ
റെയിൽ ഗതാഗതമേഖലയിലെ സഹകരണം. കസ്റ്റംസ് സഹകരണം, സാംസ്കാരിക വിനിമയം
ബെംഗളൂരുവിൽ സ്പാനിഷ് കോൺസുലേറ്റും ബാഴ്സലോണയിൽ ഇന്ത്യൻ കോൺസുലേറ്റും പ്രവർത്തനക്ഷമമാക്കൽ
ഇന്ത്യയിലും സ്പെയിനിലും നിക്ഷേപങ്ങൾ സുഗമാക്കാനുള്ള സംവിധാനം