
ന്യൂഡൽഹി : 70 കഴിഞ്ഞ എല്ലാവർക്കും ആയുഷ്‌മാൻ ഭാരത് യോജന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പ്രയോജനമെത്തിച്ച് കേന്ദ്രസർക്കാർ. ധന്വന്തരി ജയന്തിയും 9-ാമത് ആരോഗ്യദിനവും പ്രമാണിച്ച് ഇന്നലെ ഡൽഹിയിൽ സംഘടിപ്പിച്ച ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം പ്രഖ്യാപിച്ചത്. 70 കഴിഞ്ഞവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കും. ഇതിനായി ആയുഷ്‌മാൻ വയ വന്ദന കാർഡ് നൽകും. വരുമാന പരിധി ബാധകമല്ല. ഒരു രൂപ ചെലവാക്കാതെ നാലുകോടിയിൽപ്പരം പേർക്ക് പ്രയോജനം ലഭിക്കുമെന്ന് മോദി പറഞ്ഞു. അതേസമയം, പദ്ധതി ഡൽഹിയിലും ബംഗാളിലും നടപ്പാക്കാൻ അവിടുത്തെ സർക്കാരുകൾ തയ്യാറായിട്ടില്ല. അവിടെ സേവനം നടത്താൻ സാധിക്കാത്തതിൽ മോദി മുതിർന്നവരോട് മാപ്പ് പറഞ്ഞു. ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആയുർവേദയിൽ (എ.ഐ.ഐ.എ) നടന്ന ചടങ്ങിൽ ആരോഗ്യമേഖലയിലെ 12850 കോടിയുടെ പദ്ധതികൾക്ക് തുടക്കമിട്ടു. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ, കേന്ദ്ര സഹമന്ത്രിമാരായ പ്രതാപ്റാവു ജാദവ്, അനുപ്രിയ പട്ടേൽ, ശോഭാ കരന്തലജെ തുടങ്ങിയവർ പങ്കെടുത്തു.
സൗജന്യ ചികിത്സ ഉറപ്പാക്കും
രാജ്യത്ത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ ഹെൽത്ത് ഇൻഷ്വറൻസിന്റെ പരിധിയിൽ കൊണ്ടുവന്ന്
സൗജന്യ ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി.
ആയുർവേദ അറിവുകൾ ആധുനിക വൈദ്യശാസ്ത്രവുമായി സംയോജിപ്പിക്കാൻ കഴിഞ്ഞത് പത്തുവർഷത്തെ ഭരണത്തിലെ സുപ്രധാന നേട്ടമെന്ന് മോദി വ്യക്തമാക്കി. 14,000 പ്രധാൻമന്ത്രി ജൻ ഔഷധി കേന്ദ്രങ്ങളിൽ 80 ശതമാനത്തോളം വിലക്കുറവിൽ മരുന്നുകൾ ലഭ്യമാക്കി. രാജ്യത്തെ ആരോഗ്യമേഖലയിൽ ഗുണനിലവാരമുള്ള സേവനങ്ങൾ ഉറപ്പാക്കുകയാണ് ലക്ഷ്യം.
-മോദി
എയിംസിൽ ഡ്രോൺ സർവീസ്
12,850 കോടിയുടെ പദ്ധതികൾക്കും തുടക്കം
1. എ.ഐ.ഐ.എയിലെ രണ്ടാംഘട്ട വികസനപ്രവർത്തനങ്ങൾ
2. വിവിധ എയിംസ് ആശുപത്രികളിൽ ഡ്രോൺ സർവീസ്
3. ഹൃഷികേശ് എയിംസിൽ ഹെലികോപ്ടർ എമർജൻസി മെഡിക്കൽ സർവീസ്
4. യു-വിൻ വാക്‌സിനേഷൻ പോർട്ടൽ- ഗർഭിണികൾക്കും നവജാത ശിശുക്കൾ മുതൽ 16 വയസ് വരെയുള്ള കുട്ടികൾക്കും യഥാസമയം വാക്‌സിനേഷൻ ലഭ്യമാക്കാൻ
5. മെഡിക്കൽ പ്രൊഫഷണലുകൾക്കും സ്ഥാപനങ്ങൾക്കും ഡേറ്രാ ബേസ് തയ്യാറാക്കാൻ കേന്ദ്രീകൃത പോർട്ടൽ
6. മദ്ധ്യപ്രദേശിലെ മൂന്ന് മെഡിക്കൽ കോളേജുകൾ വീഡിയോ കോൺഫറൻസ് മുഖേന ഉദ്ഘാടനം ചെയ്‌തു
ഇ.എസ്.ഐ ആശുപത്രി
തുടക്കമിട്ടവയിൽ ഏഴ് പദ്ധതികൾ എംപ്ലോയീസ് സ്റ്രേറ്റ് ഇൻഷ്വറൻസ് കോർപറേഷനുമായി (ഇ.എസ്.ഐ.സി) ബന്ധപ്പെട്ടതാണ്. ഇൻഡോറിലെ ഇ.എസ്.ഐ ആശുപത്രി ഉദ്ഘാടനം ചെയ്‌തു. ആറ് ഇ.എസ്.ഐ ആശുപത്രികളുടെ നിർമ്മാണത്തിന് തറക്കല്ലിട്ടു. 55 ലക്ഷം ഇ.എസ്.ഐ ഗുണഭോക്താക്കൾക്കും അവരുടെ കുടുംബത്തിനും പ്രയോജനം ചെയ്യും.
ഇ.എസ്.ഐ ശൃംഖല 2014ൽ 393 ജില്ലകളിലായിരുന്നുവെന്നും ഇപ്പോൾ 674 ജില്ലകളിലേക്ക് വളർന്നതായും കേന്ദ്ര തൊഴിൽ-യുവജന കാര്യ മന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. രണ്ടുകോടിയിൽ താഴെ പേർക്ക് മാത്രമാണ് പ്രയോജനമുണ്ടായിരുന്നതെങ്കിൽ ഇപ്പോഴത് നാലു കോടിയിൽപ്പരമാണ്.