
ന്യൂഡൽഹി: നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും (എൻ.സി.ബി), ഡൽഹി പൊലീസും നടത്തിയ റെയ്ഡിൽ ഡൽഹി അതിർത്തിയിൽ ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ് നഗറിലുള്ള ഫാക്‌ടറിയിൽ നിന്ന് 95 കിലോ മയക്കുമരുന്ന് പിടികൂടി. തീഹാർ ജയിൽ വാർഡനും ഒരു മെക്‌സിക്കൻ സ്വദേശിയും അടക്കം അഞ്ചുപേർ അറസ്റ്റിലായി. ഇന്ത്യയിലെ ഉപയോഗത്തിനും വിദേശത്തേക്ക് കയറ്റുമതി ചെയ്യാനുമുള്ള മെതാംഫെറ്റാമൈൻ അടക്കം സിന്തറ്റിക് മയക്കുമരുന്നുകളാണ് ഇവിടെ നിർമ്മിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഡൽഹിയിലെ ഒരു ബിസിനസുകാരന്റേതാണ് ഫാക്‌ടറി. വിവരങ്ങളുടെ അടിസ്ഥാനത്തിൽ എൻ.സി.ബി 25നാണ് ഗൗതം ബുദ്ധ് നഗറിലെ കസാന ഇൻഡസ്ട്രിയൽ ഏരിയയിൽ സ്ഥിതിചെയ്യുന്ന ഫാക്ടറിയിൽ റെയ്‌ഡ് നടത്തിയത്. അസെറ്റോൺ, സോഡിയം ഹൈഡ്രോക്സൈഡ്, മെത്തിലീൻ ക്ലോറൈഡ്, പ്രീമിയം ഗ്രേഡ് എത്തനോൾ, ടോലുയിൻ, റെഡ് ഫോസ്ഫറസ്, എഥൈൽ അസറ്റേറ്റ് തുടങ്ങിയ രാസവസ്തുക്കളും ഇറക്കുമതി ചെയ്ത യന്ത്രങ്ങളും കണ്ടെത്തി. ഫാക്‌ടറി ഉടമയായ വ്യവസായി ഏതാനും നാൾ മുൻപ് ഒരു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായി തീഹാർ ജയിലിലായിരുന്നു. ആ സമയത്താണ് ജയിൽ വാർഡനുമായി പരിചയത്തിലായത്. മയക്കുമരുന്ന് നിർമ്മാണ വിദഗ്‌ദ്ധനായ ഒരു മുംബയ് സ്വദേശിയെയും സംഘടിപ്പിച്ചു. ഡൽഹിയിൽ താമസിക്കുന്ന മെക്‌സിക്കൻ സ്വദേശിയുടെ സാന്നിധ്യത്തിൽ പരീക്ഷണങ്ങൾ നടത്തി. ഉത്പാദനച്ചെലവ് കുറവായതിനാൽ മെതാംഫെറ്റാമൈൻ, മെഫെഡ്രോൺ തുടങ്ങിയ സിന്തറ്റിക് മരുന്ന് നിർമ്മാണം വ്യാപകമാണ് ഇന്ത്യയിൽ.